കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു മല്ലു ട്രാവലർ എന്ന ഷക്കീര്‍ സുബാൻ്റെ ആരോഗ്യം സംബന്ധിച്ച പോസ്റ്റ്. "തിരിച്ചുവരാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ തോറ്റുപോയി. ഇത് അവസാനമാണെന്ന് തോന്നുന്നു" ഇതായിരുന്നു മല്ലു ട്രാവലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. പിന്നാലെ മല്ലു ട്രാവലറിന് കാൻസർ, എച്ച്ഐവി തുടങ്ങിയ മാരക രോഗങ്ങളാണെന്ന ചർച്ചയും ഉയർന്നു. എന്നാൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മല്ലു ട്രാവലർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നെന്നാണ് മല്ലു ട്രാവലർ വീഡിയോയിൽ പറയുന്നത്.
ഇതെൻ്റെ രണ്ടാം ജീവിതമാണെന്ന് പറഞ്ഞാണ് മല്ലു ട്രാവലർ വീഡിയോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന ജീവിതമല്ല തനിക്കെന്നും മല്ലു ട്രാവലർ പറയുന്നു. "നിങ്ങളുടെ പ്രാർഥനകളെല്ലാം ഫലം കണ്ടു, ഞാൻ ജീവതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. പൂർണമായും വിജയകരമെന്നായിരിക്കും എൻ്റെ ജീവിതത്തെക്കുറിച്ച് മിക്കവാറും ആളുകൾ വിചാരിച്ചിരിക്കുക.. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. തുടക്കം തൊട്ടേ ഒറ്റക്കായിരുന്നു ഞാൻ ജീവിച്ചത്. ഒരു സുഹൃത്ത് പോലും എൻ്റെ കൂടെയില്ല. ക്യാമറയോട് മാത്രമായിരുന്നു സംസാരിച്ചിരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഏറ്റവുമധികം സംസാരിച്ചത് ക്യാമറയോടാണ്. കുറച്ചുകാലത്തേക്ക് വ്ലോഗിങ് നിർത്തിയതോടെ, പൂർണമായും മാനസികമായി തളർന്നു," വീഡിയോയുടെ തുടക്കം ഇങ്ങനെയാണ്.
തനിക്കുണ്ടായ മാനികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് തുടർന്ന് മല്ലു ട്രാവലർ സംസാരിക്കുന്നത്. "മാനസികമായി തളർന്നതോടെ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. യാത്രകളൊന്നും ശാശ്വതമായ സമാധാനം നൽകിയില്ല. ഒരു ദിവസം എല്ലാം കൈവിട്ടുപോയി. പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു. അന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിട്ടത്. 10 ദിവസത്തോളം ചികിത്സ നടത്തി. സോഷ്യൽ മീഡിയ ഉപേക്ഷിച്ചു. നിങ്ങളുടെ മെസേജുകളും ഫോൺകോളുകളുമൊന്നും കണ്ടിരുന്നില്ല,". തന്നെ ഏറ്റവുമധികം സഹായിച്ചത് ജെൻ സീ കുട്ടികളാണെന്നും മല്ലു ട്രാവലർ പറയുന്നുണ്ട്.
രോഗാവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകളെല്ലാം വ്യാജമാണെന്നും മല്ലു ട്രാവലർ വ്യക്തമാക്കി. 10 ദിവസം മാറി നിന്നപ്പോൾ തനിക്ക് എച്ച്ഐവി ആണെന്നടക്കമുള്ള വാർത്തകൾ കണ്ടു. കാൻസറാണെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്നും മല്ലു ട്രാവലർ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ട്രാവല്‍ വ്‌ളോഗര്‍ ആണ് മല്ലു ട്രാവലര്‍. അതേസമയം അടുത്തിടെ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളും ഉയർന്നിരുന്നു. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍ സൗദി അറേബ്യന്‍ വനിതയെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇത് വ്യാജ ആരോപണമാണെന്നായിരുന്നു അന്ന് മല്ലു ട്രാവറിന്റെ വാദം.