

ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷൂമാക്കർ വീൽചെയറിലിരിക്കാവുന്ന അവസ്ഥിലേക്കെത്തിയതായാണ് വിവരം. ഇതിഹാസത്തിൻ്റെ തിരിച്ചുവരവിൽ നിർണായകമായത് ജീവിത പങ്കാളി കൊറീനയുടേയും മെഡിക്കൽ സംഘത്തിൻ്റെയും നിരന്തര പരിചരണമാണെന്നാണ് റിപ്പോർട്ടുകൾ.
2013ൽ ഫ്രഞ്ച് ആൽപ്‌സിൽ സ്കീയിങ് നടത്തുന്നതിനിടെ അപകടത്തിൽ പെട്ട ഷൂമാക്കറിന് ഇനിയൊരു ഉയർത്തെഴുന്നേൽപ്പില്ലെന്ന് ലോകം വിധിയെഴുതിയെങ്കിലും ഇതിഹാസതാരം മൈക്കൽ ഷൂമാക്കർ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ട്. താരത്തിന് നിവർന്നിരിക്കാനും വീൽ ചെയറിൻ്റെ സഹായത്തോടെ വീടിനുള്ളിൽ സഞ്ചരിക്കാനും സാധിക്കുന്നുണ്ടെന്നാണ് വിവരം. ഷൂമാക്കറിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടത് വെറുമൊരു മെഡിക്കൽ മിറാക്കിൾ മാത്രമല്ല.മറിച്ച് താരത്തിൻ്റെ ജീവിത പങ്കാളി കൊറീനയുടെ അചഞ്ചലമായ നിശ്ചയദാർഢ്യം കൂടിയാണ്.
2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ അവധി ആഘോഷത്തിനിടെ മകനൊപ്പം സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കറിന് അപകടമുണ്ടായത്. സ്കീയിങ് ട്രാക്കിന് പുറത്തേക്ക് പോയ മൈക്കൽ പാറയിൽ തല ഇടിച്ച് വീണു.ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കോമയിലായി. ലോകോത്തര ആരോഗ്യ പരിപാലനമാണ് സ്വിറ്റ്സർലാൻഡിലെയും സ്പെയിനിലെ മയ്യോർക്കയിലെയും വസതികളിൽ ഷൂമാക്കറിനായി കൊറീന ഒരുക്കിയത്.സ്വകാര്യത പരമാവധി കാത്തുസൂക്ഷിച്ചാണ് കൊറീന ചികിത്സയും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നത്.
എഫ് വൺ കരിയറിന് 2012ൽ വിട പറഞ്ഞ ഷൂമാക്കർ ഏഴ് ലോക കിരീടം നേടിയിട്ടുണ്ട്.2000 മുതൽ 2004 വരെ തുടർച്ചയായി 5 തവണ ലോക കിരീടം നേടിയ റെക്കോർഡും സ്വന്തം പേരിലാക്കിയായിരുന്നു ഷൂമാക്കർ ട്രാക്ക് വിട്ടത്.