ലിംഗനീതി വിവാദത്തില്‍പ്പെട്ട് അള്‍ജീരിയന്‍ ബോക്‌സിംഗ് താരം; ആരാണ് ഇമാന്‍ ഖലീഫ?

വനിതാവിഭാഗത്തില്‍ മത്സരിച്ച് സെമിയിലെത്തി നില്‍ക്കുന്ന താരം ജന്മനാല്‍ പുരുഷനാണെന്നാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം
ഇമാന്‍ ഖലീഫ
ഇമാന്‍ ഖലീഫ
Published on

പാരിസ് ഒളിംപിക്സിലെ വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ബോക്സിംഗ് താരമായ ഇമാന്‍ ഖലീഫയുടെ ലിംഗസ്വത്വം. വനിതാവിഭാഗത്തില്‍ മത്സരിച്ച് സെമിയിലെത്തി നില്‍ക്കുന്ന താരം ജന്മനാല്‍ പുരുഷനാണെന്നാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. അന്താരാഷ്ട്ര കായികവേദിയുടെ നെെതികതയെ തന്നെ ചോദ്യം ചെയ്ത് കത്തിപ്പടരുകയാണ് വിവാദം..

പാരിസ് ഒളിംപിക്സില്‍ വനിതാ ബോക്സിംഗ് ഇനത്തില്‍ ക്വാർട്ടർ ജയവുമായി മെഡലുറപ്പിച്ച് സെമിയിലേക്ക് നീങ്ങുകയാണ് അള്‍ജീരിയന്‍ താരമായ ഇമാന്‍. ശനിയാഴ്ച ഫെെനല്‍ ബെല്ലടിച്ചപ്പോള്‍ എതിരാളിയായ ഹംഗേറിയന്‍ താരം ലൂക്ക അന്ന ഹമോറി റിംഗ് വിട്ടത് ഇമാന് ആലിംഗനം നല്‍കിക്കൊണ്ടാണ്. രണ്ട് ദിവസം മുന്‍പ് ഇതേ ഒളിംപിക്സ് വേദിയില്‍ ഇമാന്‍റെ എതിരാളിയായ ഇറ്റാലിയന്‍ താരം, ആഞ്ജല കരിനി പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിംഗ് വിട്ടത്. ഒരു ഹസ്തദാനം പോലുമില്ലാതെ കരിനി പിന്മാറ്റമറിയിച്ചു. 46ആം മിനുട്ടിൽ അവസാനിച്ച ആ മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തില്‍ മത്സരത്തെക്കുറിച്ച് സംസാരിച്ച കരിനി, ഇമാന്‍ ഖലീഫ് സ്ത്രീയല്ല എന്ന് ആരോപിച്ചു. ഇതോടെ വിവാദം ചൂടുപിടിച്ചു.

കഴിഞ്ഞ വർഷം ന്യൂ ഡല്‍ഹിയില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇമാന്‍ അയോഗ്യയായതും അങ്ങനെയാണ്. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍റെ മെഡിക്കല്‍ പരിശോധനയില്‍ ഇമാന് എക്സ് -വെെ ക്രോമസോമുകളാണുള്ളതെന്ന് കണ്ടെത്തി. അതായത്-പുരുഷ ജനിതക ഘടന. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉയർന്ന അളവിലാണ് ഇമാനിലുള്ളത്. ഇൻ്റർസെക്സ് എന്ന് മുന്‍കാലങ്ങളില്‍ ഈ ജനിതക അവസ്ഥയെ വിശേഷിപ്പിച്ചിരുന്നെങ്കിലും ഇന്നത് ആക്ഷേപകരമായ പ്രയോഗമാണ്.

ഈ അയോഗ്യതാവാദവുമായി കത്തിപ്പടരുന്ന വിവാദങ്ങള്‍ പറയുന്നത് ഇമാന്‍ ജന്മനാ പുരുഷനാണെന്നും, ട്രാന്‍സ് ജെന്‍ഡർ ആണെന്നുമാണ്. ലിംഗനീതിയെയും ഒളിംപിക്സ് ഗെയിംസിന്‍റെ നെെതികതയെയും ചോദ്യം ചെയ്യുന്നതാണ് ഈ ആരോപണങ്ങള്‍. സ്ത്രീയല്ലാത്ത ഒരാൾ എങ്ങനെ വനിതാ വിഭാഗത്തില്‍ മത്സരിക്കുമെന്ന് അവർ ചോദിക്കുന്നു.

Differences of Sex Development (DSD) എന്ന ജനിതക വ്യതിയാനമാണ് ഇമാനെ ഈ വിവാദങ്ങളില്‍ കൊണ്ടിട്ടിരിക്കുന്നത്. ജെെവികപരമായി സ്ത്രീയാണെങ്കിലും പുരുഷജീനായ എക്‌സ്, വൈ ക്രോമസോമുകളുണ്ടാകുന്നത് ആ വ്യതിയാനം മൂലമാണ്. എല്ലാവരിലും സ്ത്രീ-പുരുഷ ഹോർമോണുകളുള്ളത് പോലെതന്നെയാണ് ഇമാനിലും ടെസ്റ്റോസ്റ്റിറോണുള്ളത്. എന്നാല്‍ സാധാരണ സ്ത്രീകളിലേതിന് വ്യത്യസ്തമായി അധികമുള്ള ടെസ്റ്റോസ്റ്റിറോണ്‍ താരത്തിന്‍റെ കായികക്ഷമതയില്‍ മാറ്റമുണ്ടാക്കുമെന്ന വാദമാണ് വിമർശകർ ഉയർത്തുന്നത്. പക്ഷേ, ഹോർമോണ്‍ വ്യതിയാനം കായികക്ഷമത വർദ്ധിപ്പിക്കില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.

ഇമാന്‍ മാത്രമല്ല, ഒളിംപിക്സിലെ തായ്‌വനീസ് താരം ലിന്‍ യു ടിംഗും ഇതേ വിവാദത്തിന്‍റെ ഇരയാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവിനെതുടർന്ന് കല്‍പ്പിച്ച അയോഗ്യതയില്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനോട് പോരാടിയ ദുതി ചന്ദ്. സ്ത്രീകളുടെ ശരീരഘടനയില്ലെന്ന പേരില്‍ 2006 ഏഷ്യന്‍ ഗെയിംസില്‍ സില്‍വർ മെഡല്‍ നിഷേധിക്കപ്പെട്ട ശാന്തി സൌന്ദരരാജന്‍. അങ്ങനെ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ഉദാഹരണങ്ങളേറെയുണ്ട്. ജനിച്ചതു മുതല്‍ സ്ത്രീ എന്ന സ്വത്വത്തില്‍ ജീവിക്കുകയും, നിയമപരമായി ആ ഐഡന്‍റിന്‍റി വഹിക്കുകയും, സ്ത്രീകള്‍ക്ക് ഒപ്പം പരിശീലിക്കുകയും, മത്സരിക്കുകയും മത്സരിച്ച് തോല്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് അവർ. എന്നാല്‍ ലെെംഗിക സ്വത്വം എന്നത് ജെെവികതയിലും ശാസ്ത്രീയതിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്ന ക്വീർ വിരുദ്ധ വാദമാണ് ഇമാനെ വേട്ടയാടുന്നവരുടെയും ആയുധം.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com