
ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. അഫ്ഗാനൻ നായകൻ റാഷിദ് ഖാനാണ് ടീമിന്റെ വിജയശിൽപി. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് റാഷിദ് കൊയ്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 105 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 54 റൺസെടുത്ത് പുറത്താകാതെ നിന്ന ലിറ്റൺ ദാസിന്റെ ഒറ്റയാൾ പോരാട്ടം പോലും അഫ്ഗാൻ ബൗളിങ് അറ്റാക്കിൽ നിന്നും ബംഗ്ലാദേശിനെ രക്ഷപ്പെടുത്തിയില്ല. അഫ്ഗാനിസ്ഥാൻ സെമിയിലേക്ക് പ്രവേശിച്ചതോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി. സൂപ്പർ 8ലെ ഗ്രൂപ്പ് എയിൽ നിന്നും ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് സെമി ഫൈനലിലേക്ക് പ്രവേശനം നേടിയത്.