കായിക തപസ്യയ്ക്ക് വിരാമം; പരിശീലക കുപ്പായം അഴിക്കാനൊരുങ്ങി കെ.പി. തോമസ്

ഒളിമ്പ്യൻമാരടക്കം കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ ശിഷ്യഗണങ്ങളാണ് ദ്രോണാചാര്യ ജേതാവായ തോമസ് മാഷിൻ്റെ സമ്പത്ത്
കായിക തപസ്യയ്ക്ക് വിരാമം; പരിശീലക കുപ്പായം അഴിക്കാനൊരുങ്ങി കെ.പി. തോമസ്
Published on

60 വർഷം നീണ്ട കായിക തപസ്യക്ക് ശേഷം പരിശീലക കുപ്പായം അഴിക്കുകയാണ് കെ.പി. തോമസ് എന്ന തോമസ് മാഷ്. ഇക്കാലയളവിൽ ദ്രോണാചാര്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മാഷിനെ തേടിയെത്തി. ഒളിമ്പ്യൻമാരടക്കം കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ ശിഷ്യഗണങ്ങളാണ് തോമസ് മാഷിൻ്റെ സമ്പത്ത്.

കൊമ്പൻ മീശ ഇരുവശത്തേക്കും കൈകൊണ്ട് ഒതുക്കി, ബനിയനും ട്രാക്ക് സ്യൂട്ടും മാത്രം ധരിച്ച്, സദാ കായിക വിദ്യാർത്ഥികൾക്കൊപ്പം കളം നിറഞ്ഞുനിന്ന തോമസ് മാഷ് ഇനി വിശ്രമ ജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒളിമ്പ്യൻ ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ്, ജിൻസി ഫിലിപ്പ്, അപർണ നായർ, മോളി ചാക്കോ, സി.എ. മുരളീധരൻ, ജോസഫ് ജി. എബ്രഹാം തുടങ്ങിയ നൂറുകണക്കിന് താരങ്ങളെ ട്രാക്കിനും ഫീൽഡിനും സമ്മാനിച്ച തോമസ് മാഷ്, തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് പരിശീലക കുപ്പായം അഴിക്കുന്നത്.

ഇല്ലായ്മകളുടെയും പോരായ്മകളുടെയും നടുവിൽ നിന്നു കടന്നുവന്ന കായിക വിദ്യാർത്ഥികളെ താരങ്ങളാക്കി വാർത്തെടുത്തപ്പോൾ, മാഷിന്റെ ബനിയൻ പോക്കറ്റ് പലപ്പോഴും കാലിയായിട്ടുണ്ട്. എങ്കിലും തോമസ് മാഷിന് പരിഭവങ്ങളില്ല. തൊടുപുഴ വഴിത്തല സ്വദേശിയാണ് കുരിശിങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ്. 16 വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനവും, മികച്ച സ്കൂളായി കോരുത്തോടും കിരീടം കരസ്ഥമാക്കിയതിന് പിന്നിൽ മാഷിൻ്റെ ചിട്ടയാർന്ന പരിശീലന മികവായിരുന്നു. പിന്നീട് വിദ്യാഭ്യാസ ജില്ല മാറ്റിയപ്പോൾ അഞ്ച് വർഷം കോട്ടയം ജില്ലയ്ക്കും ചാമ്പ്യൻപട്ടം നേടി കൊടുത്തു.

16 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ തോമസ് മാഷ് കായിക പരിശീലന ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്.എസിലായിരുന്നു അധ്യാപകനായി നിയമനം. സ്കൂളിന് 16 വർഷം കിരീടം നേടിക്കൊടുത്തു. 2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലേക്ക് പരിശീലനം മാറ്റിയ തോമസ് മാഷ് ഇവിടെ നിന്ന് നിരവധി കുട്ടികളെ സംസ്ഥാനതലത്തിലും ചാമ്പ്യന്മാരാക്കി. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷമാണ് തൊടുപുഴ വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ്.എസിൽ പരിശീലനകനായി എത്തുന്നത്. ഇവിടെ സ്പോർട്സ് അക്കാദമി രൂപീകരിച്ചു.

നിലവിൽ പൂഞ്ഞാർ എസ്.എം.പി. ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലകനായിരുന്നു. ഇന്ത്യയിലെ കായികരംഗത്തെ പരമോന്നത ബഹുമതികളിൽ ഒന്നായ ദ്രോണാചാര്യ ആദ്യമായി ഒരു കായിക പരിശീലകന് ലഭിക്കുന്നത് തോമസ് മാഷിലൂടെയാണ്. ശിഷ്യഗണങ്ങൾക്കൊപ്പം നേട്ടങ്ങളുടെ കൊടുമുടി താണ്ടുമ്പോഴും കായിക രംഗത്തിനോടുള്ള അവഗണന മാഷിനെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു. പിതാവിനെ ഇനി ഒപ്പം വേണമെന്ന ആഗ്രഹത്തിലാണ് കായിക അദ്ധ്യാപകർ കൂടിയായ മക്കൾ. ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ മലയാളി ചുംബിക്കുന്ന സുവർണ നിമിഷത്തെ സ്വപ്നം കാണുകയാണ് തോമസ് മാഷ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com