
കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ് ഉദ്ഘാടന മൽസരത്തിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജൻ്റീന. അമേരിക്ക അറ്റ്ലാൻ്റയിലെ മെർസിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ, ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനെസും അർജന്റീനയ്ക്ക് വേണ്ടി ഓരോ ഗോളുകൾ വീതം നേടി.
ആദ്യ പകുതിയിൽ പന്ത് കൂടുതൽ സമയം അർജൻ്റീനയുടെ കയ്യിലായിരുന്നുവെങ്കിലും ഗോളുകളൊന്നും വഴങ്ങാതെ കാനഡ ശക്തമായ പ്രതിരോധം തീർത്തു. രണ്ടാം പകുതിയിൽ ആക്രമണോത്സുകതയോടെ കളിച്ച അർജൻ്റീനയുടെ ആദ്യ ഗോൾ പിറന്നത് 49ാം മിനിറ്റിൽ അൽവാരസിലൂടെയാണ്.
ഇതിനിടയിൽ മെസ്സി അടക്കമുള്ളവർ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയത് വിജയത്തിന്റെ നിറം കെടുത്തി. ഒടുവിൽ മൽസരത്തിൻ്റെ അവസാന നിമിഷങ്ങളിൽ, മെസിയുടെ അസിസ്റ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഗോൾ വല കുലുക്കിയതോടെയാണ് അർജന്റീന വിജയമുറപ്പിച്ചത്.