
ലോക പുരുഷ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 28 റണ്‍സ് വിജയം. ഡേവിഡ് വാര്‍ണറിന്‍റെ അര്‍ദ്ധ സെഞ്ച്വറിയും പാറ്റ് കമ്മിന്‍സിന്‍റെ മൂന്ന് വിക്കറ്റ് ബോളിങ്ങ് പെര്‍ഫോമന്‍സുമാണ് ഓസ്ട്രേലിയയെ വിജയ വഴിയിലെത്തിച്ചത്. വെസ്റ്റ് ഇന്‍റീസിലെ ബാര്‍ബുഡയില്‍ കളിക്കിടെ മഴ കലുഷിതമായതോടെ ഡി.എല്‍.എസ് മെത്തേഡിലൂടെയാണ് ഓസ്ട്രേലിയയുടെ വിജയം നിശ്ചയിക്കപ്പെട്ടത്.
സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയുടെയും (36 പന്തില്‍ നിന്നും 41) തൗഹിദ് ഹൃദോയുടെയും (28 പന്തില്‍ നിന്നും 40) ബാറ്റിങ് മികവില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത് നില്‍ക്കുന്ന ആദം സാംപ 2 വിക്കറ്റുകള്‍ വീഴ്ത്തി
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. മഴ കാരണം ഈര്‍പ്പം ഒട്ടിയ ഔട്ട്ഫീല്‍ഡില്‍ പോലും പവര്‍പ്ലേയില്‍ തന്നെ ഇരുവരും ഓസീസ് സ്കോര്‍ 60 കടത്തി. പക്ഷെ അപ്പോഴേക്കും മഴ വില്ലനായി പെയ്തെത്തി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കളി പുനരാരംഭിച്ചെങ്കിലും സ്കോര്‍ 100ല്‍ നില്‍ക്കുമ്പോള്‍ വീണ്ടും മഴ രസംകൊല്ലിയായി തിരിച്ചെത്തി. പക്ഷെ, അപ്പോഴേക്കും ഓസ്ട്രേലിയ ഡി.എല്‍.എസ് സ്കോറിന് വളരെ മുന്നിലായിരുന്നു. 11.2 ഓവറിലായിരുന്നു ഓസ്ട്രേലിയ 100 റണ്‍സ് സ്കോര്‍ ചെയ്തത്. ഡി.എല്‍.എസ് പ്രകാരം ആ സമയം ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ വെറും 73 റണ്‍സ് മാത്രം മതിയായിരുന്നു.
ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലായിരുന്നു ഓസ്ട്രേലിയ ബംഗ്ലാദേശ് മത്സരം നടന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. നേരത്തെ നടന്ന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ജസ്പ്രിത് ബുംറയുടെയും അർഷദീപ് സിങ്ങിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും മികച്ച പ്രകടനമായിരുന്നു ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.