റെക്കോർഡ് ജയം! ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാനെ തോൽപിച്ച് ചരിത്രനേട്ടവുമായി ബംഗ്ലാദേശ്

വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം ക്രീസിലെത്തിയത്
റെക്കോർഡ് ജയം! ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാനെ തോൽപിച്ച് ചരിത്രനേട്ടവുമായി ബംഗ്ലാദേശ്
Published on

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലും ആധികാരിക ജയം നേടി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റിലെ നാലാം ഇന്നിംഗ്സില്‍ പാകിസ്ഥാൻ ഉയർത്തിയ 185 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്, നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ബംഗ്ലാദേശിൻ്റെ മൂന്നാമത്തെ വിദേശ പരമ്പര നേട്ടമാണിത്.

40 റണ്‍സെടുത്ത ഓപ്പണര്‍ സാക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഈ ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ്, പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.


വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം ക്രീസിലെത്തിയത്. തുടക്കത്തില്‍ തന്നെ സാക്കിര്‍ ഹസന്‍റെ വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ ഷദ്മാന്‍ ഇസ്ലാമിനെയും വീഴ്ത്തി ഖുറാം ഷെഹ്സാദ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും മോനിമുള്‍ ഹഖും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പാകിസ്ഥാൻ്റെ പ്രതീക്ഷകൾ  തകർന്നടിഞ്ഞു. രണ്ടാം ടെസ്റ്റിൽ പേസർ ഷഹീൻ അഫ്രീദിയെ പുറത്തിരുത്തി പാകിസ്ഥാൻ ടീമിൽ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും ഫലം കണ്ടില്ല.

ALSO READ: ക്രിക്കറ്റിൽ ഇനി അവൻ്റെ യുഗം; സിക്സറടിയിൽ ഗെയ്‌ലിൻ്റെ ലോക റെക്കോർഡ് തരിപ്പണം

മഴമൂലം ആദ്യ ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ നാലു ദിവസം കൊണ്ടാണ് ബംഗ്ലാദേശ് പാകിസ്ഥാനെ വീഴ്ത്തി ചരിത്രം തിരുത്തിയത്. ഇന്ത്യക്കെതിരെ ഈ മാസം 19 മുതല്‍ തുടങ്ങുന്ന രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശിന് ആത്മവിശ്വാസം നല്‍കുന്നതാണ് പരമ്പര വിജയം. നേരത്തെ വെസ്റ്റ് ഇന്‍ഡീസിലും, സിംബാബ്‌വെയിലും പരമ്പര നേടിയ ബംഗ്ലാദേശിന്‍റെ മൂന്നാമത്തെ മാത്രം വിദേശ പരമ്പര നേട്ടമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com