
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ എഫ്‌സിയുടെ കിരീടനേട്ടത്തിന് പിന്നാലെ, നഗരത്തിലെ വാട്ടര്‍ സ്ട്രീറ്റിന് സമീപം മുഹമ്മദ് സലായും സംഘവും നടത്തിയ വിജയാഘോഷ പരേഡിനിടയിലേക്ക് കാറിടിച്ചുകയറ്റി മധ്യവയസ്കൻ. ഞെട്ടിക്കുന്ന അപകടത്തിൽ കുട്ടികളുള്‍പ്പെടെ 50ഓളം പേർക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനടിയിൽ കുടുങ്ങിയ നാല് പേരെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്.
തിങ്കളാഴ്ച ഇംഗ്ലണ്ടിലെ പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാറിന്‍റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53കാരനായ ബ്രിട്ടീഷുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയില്‍ കാർ ആളുകളുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുന്നത് കാണാം. കാർ നിർത്തിയ ശേഷം ആളുകൾ രോഷാകുലരായി കാര്‍ തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ മെഴ്‌സിസൈഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിവര്‍പൂളിന്‍റെ 20ാമത് പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആഘോഷിക്കാനായിരുന്നു ആരാധകര്‍ തെരുവിലൊത്തുകൂടിയത്. മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ഡിജിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന പരേഡ് നടക്കുന്നതിനിടെയാണ് അപകടം.
സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലായെന്ന് താൽക്കാലിക ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് മാധ്യമ വർത്തകരോട് പറഞ്ഞു. സംഭവത്തെ ഭയാനകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു.
"ട്രോഫി പരേഡിന്റെ അവസാനത്തോടടുത്ത് വാട്ടർ സ്ട്രീറ്റിൽ നടന്ന സംഭവത്തെക്കുറിച്ച് ക്ലബ്ബ് മെഴ്‌സിസൈഡ് പൊലീസുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ ഗുരുതരമായ അപകടത്തിൽ ദുരിതം അനുഭവിക്കുന്നവരോടൊപ്പമാണ് ക്ലബ്ബിൻ്റെ ചിന്തയും പ്രാർത്ഥനയും. ഈ സംഭവം കൈകാര്യം ചെയ്യുന്നതിനും അടിയന്തര സേവനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി തുടർന്നും ഞങ്ങൾ സഹകരിക്കും," ലിവർപൂൾ എഫ്‌സി എക്സിൽ കുറിച്ചു.