
ചാംപ്യന്‍സ് ട്രോഫി വേദിയെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമെന്ന് സൂചന. ഇന്ത്യ ടുഡെ റിപ്പോർട്ട് പ്രകാരം, ഹൈബ്രിഡ് മോഡലില്‍ ടൂർണമെന്‍റ് നടത്താമെന്ന തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) നിബന്ധനകളോടെ അംഗീകരിച്ചതായാണ് വിവരം. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഹൈബ്രിഡ് ടൂർണമെന്‍റ് നടത്താന്‍ ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടത്.
ഹൈബ്രിഡ് ടൂർണമെന്‍റിനായി പിസിബി മൂന്ന് നിബന്ധനകൾ മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. യുണൈറ്റഡ് അറബ് എമറൈറ്റ്സില്‍ (യുഎഇ) വെച്ചാകും ഇന്ത്യയുടെ മത്സരങ്ങളെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാർത്തകള്‍ ഐസിസിയോ പിസിബിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ച നിബന്ധനകള്‍:
• ഇന്ത്യൻ ക്രിക്കറ്റ് ടീം ഉൾപ്പെടുന്ന മത്സരങ്ങൾ ദുബായിൽ നടത്തണം. ഇതിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും സെമി-ഫൈനൽ, ഫൈനൽ (യോഗ്യത നേടിയാൽ) ഉൾപ്പെടുന്നു.
• മത്സരത്തിൻ്റെ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കില്‍, ലാഹോറിൽ വെച്ച് പാകിസ്ഥാൻ സെമിഫൈനലിനും ഫൈനലിനും ആതിഥേയത്വം വഹിക്കും.
• ഭാവിയിൽ ഐസിസി ഇവൻ്റുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, നിഷ്പക്ഷ വേദികളിലായിരിക്കണം പാകിസ്ഥാന്‍റെ മത്സരങ്ങള്‍.
ടൂര്‍ണമെന്‍റ് പൂര്‍ണമായും പാകിസ്ഥാനില്‍ നടത്തണമെന്ന നിലപാട് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചതായി വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യ കളിക്കാരെ പാകിസ്ഥാനിലേക്ക് അയക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചതിനെ തുടർന്ന്, ഐസിസിയുടെ ഇടപെടലില്‍ ഈ തീരുമാനത്തില്‍ മാറ്റം വന്നുവെന്നാണ് സൂചന. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.