
ഒന്നാം ദിനം മഴ കൊണ്ടുപോയെങ്കിലും രണ്ടാം ദിനം തന്നെ ഇന്ത്യക്കെതിരെ ലീഡ് നേടി ന്യൂസിലാൻഡ്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് 180 റൺസിന് മൂന്ന് എന്ന നിലയിലാണ്. 134 റൺസിന്റെ ലീഡാണ് കീവികൾ ഇതിനോടകം നേടിയിരിക്കുന്നത്. 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി ഡാരൽ മിച്ചലുമാണ് ക്രീസിൽ. ഡെവൻ കോൺവേ 91 റൺസെടുത്ത് പുറത്തായി.
ക്യാപ്റ്റൻ ടോം ലഥാം (15), വിൽ യങ് (33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കായി ആർ അശ്വിൻ,കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫീൽഡിൽ മോശം പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. നിരവധി ക്യാച്ചുകളാണ് അവർ നഷ്ടപ്പെടുത്തി കളഞ്ഞത്.
നേരത്തെ ഇന്ത്യയുടെ ഇന്നിങ്സ് 46 റൺസിന് അവസാനിച്ചിരുന്നു. സ്വന്തം മണ്ണിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടും പേറിയാണ് ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിയത്. 31.2 ഓവറില്‍ കീവീസ് ഇന്ത്യയുടെ കഥ കഴിച്ചു. ഓപ്പണിങ്ങില്‍ യശ്വസി ജയ്സ്വാള്‍ 63 പന്തില്‍ 12 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ രണ്ട് റണ്‍സുമാണ് എടുത്തത്. വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഋഷഭ് പന്ത് 49 പന്തില്‍ 20 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് രണ്ട്, ബുംമ്ര ഒന്ന്, സിറാജ് പുറത്താകാതെ നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
13.2 ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍റി 15 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ടെസ്റ്റില്‍ 100 വിക്കറ്റെന്ന നേട്ടവും മാറ്റ് ഹെന്‍റി സ്വന്തമാക്കി. ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്ന വില്യം ഒറുര്‍ക്കെ 12 ഓവറില്‍ 22 റണ്‍സിന് നാല് വിക്കറ്റെടുത്തു. ടിം സൗത്തി ആറ് ഓവറില്‍ ഒരു വിക്കറ്റും നേടി. കീവിസ് നിരയില്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് പന്തെറിഞ്ഞത്. നേരത്തെ, ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിനു പകരം സര്‍ഫറാസ് ഖാന്‍ ടീമില്‍ ഇടംനേടി.