
16ാമത്തെ തവണയും മെസ്സിയുടെ നീലപ്പട കോപ്പ അമേരിക്ക കിരീടം കൊത്തിപ്പറക്കുമ്പോഴും, എതിർപാളയത്തിൽ തോൽവി സമ്മതിക്കാതെ തലയുയർത്തി ഒരു വീറുറ്റ പോരാളി നിൽപ്പുണ്ടായിരുന്നു. ജെയിംസ് റോഡ്രിഗസ് എന്ന 33കാരനായ കൊളംബിയൻ പോരാളിയുടെ തിരിച്ചുവരവ് കൊണ്ട് കൂടിയാണ്, 2024ലെ കോപ്പ അമേരിക്ക ഇനി കാൽപന്ത് പ്രേമികളുടെ മനസ്സിലിടം പിടിക്കുക.
മത്സര ശേഷം പ്ലേയർ ഓഫ് ദി ടൂർണമെൻ്റായി തെരഞ്ഞെടുക്കപ്പെട്ട പ്രഖ്യാപനം വന്നപ്പോഴും, തോൽവിയുടെ നീറ്റലിനിടയിലും അദ്ദേഹത്തിൻ്റെ മുഖത്തൊരു ചെറുപുഞ്ചിരി മിന്നിമാഞ്ഞിരുന്നു. "ചുമ്മാ കിട്ടിയതല്ല, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..." എന്നൊരു ഭാവമായിരുന്നു ആ മുഖത്ത് അപ്പോൾ നിറഞ്ഞുനിന്നത്. ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിയെയും മറികടന്നാണ്, കോപ്പയുടെ മിന്നും താരമായി റോഡ്രിഗസ് ഉദിച്ചുയർന്നത്. കലങ്ങിയ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു പുതുനാമ്പ് പൊട്ടിമുളച്ചിരുന്നു. അതെ, സ്പോർട്സിൽ ഫോം എന്നത് താൽക്കാലികമാണ്, ക്ലാസ് എന്നത് നിത്യസത്യവും.
എക്സ്‌ട്രാ ടൈമിനൊടുവിൽ റഫറിയുടെ ചുണ്ടിൽ നിന്നും മത്സരഫലം കുറിച്ച് ലോംഗ് വിസിലുയർന്നപ്പോഴേക്കും, രാജ്യത്തിനായി ആശിച്ച കിരീടം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടകലുന്നത് നോക്കി നിൽക്കാനേ കൊളംബിയയുടെ ആ പോരാളിക്ക് കഴിഞ്ഞുള്ളൂ. വിശ്വവിജയം നേടിയെത്തിയ ലോക ചാമ്പ്യന്മാരായ അർജൻ്റീനയോട് 90 മിനിറ്റും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നതല്ല കൊളംബിയയെ പോരാളികളാക്കുന്നത്, മെസ്സിപ്പടയെ അക്ഷരാർഥത്തിൽ വിറപ്പിച്ചാണ് അവർ കീഴടങ്ങിയത്. ആക്രമണത്തിലും, ഷോട്ടുകളുടെ എണ്ണത്തിലും, പാസ്സുകളുടെ എണ്ണത്തിലും, അവയുടെ കൃത്യതയിലുമെല്ലാം അർജൻ്റീനയെ ബഹുദൂരം പിന്നിലാക്കിയ ശേഷമാണ്, മാർട്ടിനസിൻ്റെ ഏക ഗോളിന് കൊളംബിയൻ ടീം അടിയറവ് പറഞ്ഞത്.
2014ലെ ലോകകപ്പിൽ ആറ് ഗോളുകളോടെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയാണ് 21കാരൻ പയ്യൻ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ലോകത്തെ വൻകിട ക്ലബ്ബുകളെല്ലാം ആ പയ്യൻ്റെ പിന്നാലെയായിരുന്നു. അക്കാലത്ത് 6.3 കോടി യൂറോയ്ക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ താരത്തെ ക്ലബ്ബിലെത്തിച്ചത്. ക്ലബ്ബ് ട്രാൻസ്ഫർ ചരിത്രത്തിലെ അന്നേവരെയുള്ളതിൽ വെച്ച് നാലാമത്തെ ഉയർന്ന തുകയ്ക്കാണ് റോഡ്രിഗസിനെ റയൽ റാഞ്ചിയത്.
റയൽ ടീമിലെ താരത്തിളക്കത്തിനടയിൽ ജെയിംസ് റോഡ്രിഗസിന് തിളങ്ങാനായില്ലെന്നതാണ് വാസ്തവം. അമിത സമ്മർദ്ദത്തിനടിപ്പെട്ട് പ്രതിഭയ്ക്കൊത്ത പ്രകടനം പലപ്പോഴും അദ്ദേഹത്തിന് പുറത്തെടുക്കാനായില്ല. നാല് സീസണുകൾക്ക് ശേഷം റയൽ മാഡ്രിഡ് വിടുമ്പോൾ 125 കളികളിൽ നിന്ന് 27 ഗോളുകളായിരുന്നു താരത്തിൻ്റെ സമ്പാദ്യം. ലോണിൽ ബയേൺ മ്യൂണിക്കിലേക്കും പിന്നീട് എവർട്ടണിലേക്കും കൂടുമാറ്റങ്ങൾ നടന്നു.
കരിയറിൽ നിരാശ തന്നെയായിരുന്നു ഫലം. അതോടെ വമ്പൻ ക്ലബ്ബുകൾക്കും താൽപ്പര്യം കുറഞ്ഞുതുടങ്ങി. പിന്നീട് തുടരെത്തുടരെ ഖത്തറിലെ അൽ റയാനിലേക്കും, അവിടെ നിന്ന് ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിലും തട്ടകം മാറ്റേണ്ടിവന്നു. ഏറ്റവുമൊടുവിലായി ലാറ്റിനമേരിക്കൻ മണ്ണിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്രസീലിലെ സാവോപോളോ ക്ലബ്ബിലാണ് റോഡ്രിഗസ് പന്തു തട്ടുന്നത്.