

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പിനുള്ള വേദികള്‍ തീരുമാനിച്ചു. ഫൈനല്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍, ചെന്നൈ ചിദംബരം സ്‌റ്റേഡിയം, മുംബൈ വാങ്കഡേ സ്‌റ്റേഡിയം എന്നിവയും അന്തിമ പട്ടികയിലുണ്ട്.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ടി20 ലോകകപ്പ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ശ്രീലങ്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാകും മത്സരം നടക്കുക. വേദികള്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഐസിസി ഉടന്‍ നടത്തും.
2023 ലെ ഏകദിന ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി, ടി20 ലോകകപ്പ് തിരഞ്ഞെടുത്ത കുറച്ച് നഗരങ്ങളില്‍ മാത്രം നടത്താനും ഓരോ വേദിയിലും ആറ് മത്സരങ്ങള്‍ വീതം നടത്താനുമാണ് ഐസിസിയും ബിസിസിയും ചേര്‍ന്ന യോഗത്തില്‍ ധാരണയായത്.
ലോകകപ്പ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഏഴിന് ആരംഭിക്കുമെന്നാണ് സൂചന. മാര്‍ച്ച് എട്ടിനായിരിക്കും ഫൈനല്‍ മത്സരം.
അതേസമയം, അന്തിമ പട്ടികയില്‍ ഇക്കുറിയും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇടംപിടിച്ചില്ല. ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ചിന്നസ്വാമി സ്റ്റേഡിയം ഒഴിവാക്കിയത്. വനിതാ ലോകകപ്പിനും ചിന്നസ്വാമി സ്റ്റേഡിയം വേദിയായിരുന്നില്ല.
വനിതാ ലോകകപ്പിലെ വേദികളില്‍ ടി20 ലോകകപ്പ് നടത്തേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. അതിനാല്‍ ഗുവാഹത്തി, വിശാഖപട്ടണം, ഇന്‍ഡോര്‍, നവി മുംബൈ സ്‌റ്റേഡിയങ്ങള്‍ പരിഗണിച്ചിട്ടില്ല.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലാക്കാനും തീരുമാനമായി. കൊളംബോ ആയിരിക്കും വേദി. മത്സരത്തില്‍ ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചാല്‍ അന്തിമ മത്സരത്തിന്റെ വേദിയും കൊളംബോ ആയിരിക്കും.