ഏഷ്യ കപ്പ് ഫൈനലിൽ കോഹ്ലിയുടെ റൺവേട്ടയുടെ റെക്കോർഡ് മറികടക്കാൻ അഭിഷേക് ശർമ
ദുബായ്: 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടുകയാണ്. അതേസമയം, ടൂർണമെൻ്റിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 309 റൺസ് നേടി മിന്നും ഫോമിലുള്ള ഇന്ത്യയുടെ അഭിഷേക് ശർമയിലായിരിക്കും എല്ലാവരുടെയും കണ്ണുകൾ.
ഇന്ന് രാത്രി പാകിസ്ഥാനെതിരായ മത്സരത്തിൽ സാക്ഷാൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർക്കുക എന്നതാണ് അഭിഷേകിന് മുന്നിലുള്ള ലക്ഷ്യം. കോഹ്‌ലിയെ മറികടന്ന് ഒരു ബഹുരാഷ്ട്ര ടി20 ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ കളിക്കാരനാകാൻ അഭിഷേകിന് ഇനി വേണ്ടത് 11 റൺസ് കൂടി മാത്രമാണ്.
2014 ടി20 ലോകകപ്പിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 106.33 ശരാശരിയിൽ നാല് അർദ്ധ സെഞ്ച്വറികളോടെ 319 റൺസ് നേടിയ കോഹ്‌ലി ഈ നേട്ടം കൈവരിച്ചിരുന്നു. ഏഷ്യ കപ്പിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി അഭിഷേക് ശർമ മാറിയിട്ടുണ്ട്. 51.50 ശരാശരിയിലും 204.63 സ്ട്രൈക്ക് റേറ്റിലും 309 റൺസ് നേടിയിട്ടുള്ള യുവ ഓപ്പണർ സൂപ്പർ ഫോർ റൗണ്ടിൽ തുടരെ മൂന്ന് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
അതേസമയം, ഏഷ്യ കപ്പ് ചരിത്രത്തിലെ ഒൻപതാം കിരീട നേട്ടത്തിലേക്കാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതേസമയം, ഇന്ത്യയെ വീഴ്ത്തിയാൽ പാകിസ്ഥാന് മൂന്നാം ഏഷ്യ കിരീടമാകും സ്വന്തമാകുക. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. സമീപകാലത്തൊന്നും ഈ ചിരവൈരികൾ ഇതുപോലെ നേർക്കുനേർ വന്നിട്ടില്ല.
എന്നാൽ ആദ്യ രണ്ട് പോരാട്ടങ്ങളും അനായാസം ജയിച്ചുകയറിയ നീലപ്പടയെ തോൽപ്പിക്കണമെങ്കിൽ പാക് താരങ്ങളിൽ നിന്ന് അസാമാന്യ പോരാട്ടം തന്നെ പ്രതീക്ഷിക്കേണ്ടി വരും. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യ തന്നെ ജേതാക്കളാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.