

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാക് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമെങ്കിലും ഫെബ്രുവരി 15 ന് നിശ്ചയിച്ച ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നുമായിരുന്നു പാക് സര്‍ക്കാരിന്റെ പ്രഖ്യാപനം.
പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സല്‍മാന്‍ അലി ആഗയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. പാക് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരണം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ,
"ഞങ്ങള്‍ ലോകകപ്പില്‍ പങ്കെടുക്കും. ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കണമെന്നത് ഞങ്ങളുടെ തീരുമാനമല്ല, അതിനാല്‍ ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ സര്‍ക്കാരും പിസിബിയും എന്ത് പറയുന്നോ അത് മാത്രമേ ചെയ്യാന്‍ കഴിയൂ". ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20 മത്സരത്തിനു ശേഷമായിരുന്നു പാക് ക്യാപ്റ്റന്റെ പ്രതികരണം.
ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം പാക് സര്‍ക്കാരിന്റേതായിരിക്കുമെന്നായിരുന്നു പിസിബി ചെയര്‍മാനും പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രിയുമായ മുഹ്‌സിന്‍ നഖ് വിയുടെ പ്രതികരണം. വിഷയത്തില്‍ ജനുവരി 30 നോ ഫെബ്രുവരി 2 നോ അന്തിമ തീരുമാനം പറയുമെന്നും നഖ് വി വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ്, ഇന്ന് അന്തിമ തീരുമാനം പാകിസ്ഥാന്‍ അറിയിച്ചത്. ഞായറാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നഖ് വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തീരുമാനം അറിയിച്ചത്.
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
അതേസമയം, പാകിസ്ഥാന്റെ തീരുമാനത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തേ, ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ പ്രഖ്യാപനത്തോട് കടുത്ത രീതിയിലായിരുന്നു ഐസിസി പ്രതികരിച്ചത്.