തുടർച്ചയായ തോൽവികൾ കാരണം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നോ?വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് 37 കാരനായ രഹാനെ സംസാരിച്ചത്.
തുടർച്ചയായ തോൽവികൾ കാരണം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നോ?വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ
ANI
Published on
Updated on

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായക സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് അജിങ്ക്യ രഹാനെ. 2026 ഐപിഎൽ സീസണിൻ്റെ തുടക്കത്തിൽ നേരിട്ട കനത്ത തിരിച്ചടികൾക്ക് പിന്നാലെ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെയാണ് രഹാനെ തന്റെ ഭാഗം വ്യക്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് രഹാനെയുടെ പ്രതികരണം.

ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചെണ്ണവും തോറ്റുകൊണ്ടാണ് കെകെആർ ഈ സീസൺ തുടങ്ങിയതെങ്കിലും, പിന്നീട് തുടർച്ചയായ വിജയങ്ങളോടെ ശക്തമായ തിരിച്ചു വരവ് നടത്തി. എന്നിരുന്നാലും പ്ലേ ഓഫ് യോഗ്യത നേടാനാകാതെ അവർ പുറത്താക്കുകയായിരുന്നു. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് കെകെആർ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

തുടർ തോൽവികൾ നേരിട്ടപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചോ മത്സരങ്ങളിൽ മാറി നിൽക്കുന്നതിനെ കുറിച്ചോ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തോടായിരുന്നു രഹാനെയുടെ മറുപടി.

"വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുന്ന സ്വഭാവം എനിക്കില്ല. ഇപ്പോഴുള്ള കാര്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട്‌ ക്യാപ്റ്റൻസി സ്ഥാനം ഉപേക്ഷിക്കുന്നതിനെ പറ്റിയുള്ള ചിന്തകൾ എനിക്കുണ്ടായിട്ടില്ല." രഹാനെയുടെ വാക്കുകൾ ഇതായിരുന്നു.

തുടർച്ചയായ തോൽവികൾ കാരണം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നോ?വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ
പരീക്ഷണങ്ങൾ പാളി; തുടർച്ചയായി മൂന്നാം സീസണിലും പ്ലേ ഓഫ് കാണാതെ മടങ്ങി യെല്ലോ ആർമി

ക്രിക്കറ്റ് ആരാധകരെയും അവരുടെ പിന്തുണയെ കുറിച്ചും രഹാനെ മനസ്സ് തുറന്നു."നമ്മൾ മികച്ച പ്രകടനം നടത്തുമ്പോൾ ആരാധകർ നമ്മളെ പ്രശംസിക്കും, മോശം പ്രകടനം നടത്തുമ്പോൾ വിമർശിക്കുകയും ചെയ്യും. ഇത് കളിയുടെ ഭാഗമാണ്. എല്ലാ ക്രിക്കറ്റർമാർക്കും ഇത് മനസ്സിലാകും. ഞാൻ എപ്പോഴും പോസിറ്റീവ് മനോഭാവത്തോടെയാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. ടീമിന് പ്രതിസന്ധി ഉണ്ടാകുമ്പോളാണ് നമ്മൾ ആരാണെന്ന് തെളിയിച്ചു കൊടുക്കേണ്ടത്. സമ്മർദ്ദം ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ പരിഭ്രാന്തനാകാതെ ശക്തമായി നിലകൊള്ളുക എന്നതായിരുന്നു എനിക്ക് പ്രധാനം." രഹാനെ കൂട്ടിച്ചേർത്തു.

തുടർച്ചയായി അഞ്ചും ആറും മത്സരങ്ങൾ തോൽക്കുമ്പോൾ മനസ്സ് ചാഞ്ചാടാൻ എളുപ്പമാണെന്നും, എന്നാൽ ആ നിമിഷത്തിൽ ഉറച്ച് നിലക്കുകയാണ് വേണ്ടതെന്ന് രഹാനെ ഓർമിപ്പിച്ചു. "കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം. നമ്മൾ അത് പല മത്സരങ്ങളിലും കണ്ടിട്ടുള്ളതാണ്. ഒരൊറ്റ മത്സരം കൊണ്ട് എല്ലാം മാറ്റിയെടുക്കാൻ കഴിയുമെന്ന് ഞാൻ ടീമിലെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങളുടെ കളിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു എന്നത് സത്യമാണ്.ഞങ്ങളുടെ പൂർണ്ണ ശേഷിക്കനുസരിച്ച് കളിച്ചില്ല എന്ന വിമർശനം ഞങ്ങൾ അംഗീകരിക്കുന്നു. തെറ്റുകൾ അംഗീകരിക്കാതെ ഇരിക്കുമ്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്." രഹാനെ പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിനെതിരെ വലിയ മാർജിനിൽ വിജയിക്കുകയും, ഒപ്പം പഞ്ചാബ്‌ കിങ്സിൻ്റെ നെറ്റ് റൺറേറ്റിനെ മറികടക്കുകയും ചെയ്തിരുന്നുവെങ്കിൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താമായിരുന്നു. അതിനായി മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുകയും വേണമായിരുന്നു. എന്നാൽ മുംബൈയെ തോൽപ്പിച്ച് രാജസ്ഥാൻ അവസാന ടീമായി പ്ലേ ഓഫിലേക്ക് കടന്നതോടെ കൊൽക്കത്തയുടെയും പഞ്ചാബിൻ്റെയും പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡൽഹിയുമായുള്ള മത്സരത്തിൽ കൂടി പരാജയപ്പെട്ടതോടെ കൊൽക്കത്തയുടെ ഈ സീസണിലെ പോരാട്ടം നിരാശയോടെ അവസാനിച്ചു.

News Malayalam 24x7
newsmalayalam.com