ഇംഗ്ലീഷ് പട 192 റണ്‍സിന് പുറത്ത്; നാല് വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദർ, വിജയത്തിനരികെ ഇന്ത്യ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ്.
വാഷിങ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും
വാഷിങ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലുംSource: News Malayalam 24x7
Published on

ആന്‍ഡേഴ്സണ്‍- ടെന്‍ഡുല്‍ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ 62.1 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ്. 135 റണ്‍സ് കൂടി എടുത്താല്‍ ഇന്ത്യക്ക് വിജയിക്കാം.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദർ നാല് വിക്കറ്റുകള്‍ വീഴ്ത്തി. 22 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ജസ്പ്രീത് ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി.

ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്ത ബെൻ ഡക്കറ്റ് 12 റണ്‍സെടുത്ത് മടങ്ങി. സിറാജിനായിരുന്നു വിക്കറ്റ്. 12ാം ഓവറില്‍ സിറാജ് രണ്ടാമത്തെ വിക്കറ്റും പിഴുതു. നാല് റണ്‍സെടുത്ത ഒലി പോപ്പ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഓപ്പണർ സാക് ക്രൗളി നിലയുറപ്പിക്കുമെന്ന് കരുതിയെങ്കിലും 22 റണ്‍സെടുത്ത് നില്‍ക്കെ നിതീഷ് കുമാർ പുറത്താക്കി. വമ്പന്‍ അടികളോടെ റണ്‍സ് ഉയർത്താന്‍ ശ്രമിച്ച ഹാരി ബ്രൂക്കിനെ ആകാശ്‌ദീപും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

ജോ റൂട്ടും ബെന്‍ സ്റ്റോക്സും ചേർന്നാണ് പിന്നീട് ടീം സ്കോർ ഉയർത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റില്‍ 67 റണ്‍‌സാണ് കൂട്ടിച്ചേർത്തത്. 43ാം ഓവറില്‍ റൂട്ടിന്റെ വിക്കറ്റെടുത്ത് വാഷിങ്ടണ്‍ സുന്ദർ ഇന്ത്യക്ക് മേല്‍ക്കൈ നേടിത്തന്നു. 40 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ഈ വിക്കറ്റിന് പിന്നാലെ ജെയ്മി സ്മിത്തിനെയും (8) ബെൻ സ്റ്റോക്സിനെയും (33) വാഷിങ്ടൺ തന്നെ പുറത്താക്കി. പിന്നാലെയെത്തിയ ബ്രൈഡൻ കാർസിനെയും (1) ക്രിസ് വോക്സിനെയും (10) ബുംറ പുറത്താക്കി. ഷുഐബ് ബഷീറിന്റെ വിക്കറ്റു കൂടി സുന്ദർ എടുത്തതോടെ ഇംഗ്ലണ്ട് സ്കോർ 192 ല്‍ അവസാനിച്ചു.

വാഷിങ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും
'ക്രിക്കറ്റിൻ്റെ മെക്ക'യിൽ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോർക്കും, ആര് വാഴും.. ആര് വീഴും?

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 58 റണ്‍സെടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി. യശ്വസി ജയ്സ്വാള്‍ (0), കരുണ്‍ നായർ (14), ശുഭ്മാന്‍ ഗില്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. കെ.എല്‍ രാഹുലും (33*) ആകാശ് ദീപുമാണ് (1*) ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇരു ടീമുകള്‍ക്കും തുല്യ സ്കോറായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റണ്‍സ് നേടിയപ്പോള്‍ അതേ സ്കോറില്‍ ഇന്ത്യയും കളി അവസാനിപ്പിച്ചു. കളിയുടെ ഒരു ഘട്ടത്തില്‍ ഇന്ത്യ ലീഡ് കണ്ടെത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയുടെയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുടേയും പിന്‍ബലത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മുന്നേറിയത്. എന്നാല്‍ അവസാന സെഷനില്‍ 11 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com