

ഇൻഡോർ: ഐസിസി വനിതാ ലോകകപ്പിനായ മധ്യപ്രദേശിലെ ഇൻഡോറിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർമാരെ പൊതുസ്ഥലത്ത് വച്ച് കയറിപ്പിടിച്ച സംഭവത്തിൽ അറസ്റ്റിലായ 29കാരൻ മുമ്പും സമാന കുറ്റകൃത്യങ്ങൾ നടത്തിയ ആളെന്ന് പൊലീസ്. അഖീൽ എന്നും നൈട്ര എന്നും അറിയപ്പെട്ടിരുന്ന പ്രതിക്കെതിരെ പത്തോളം ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കൽ, മോഷണം, കൊലപാതക ശ്രമം, പീഡനശ്രമം എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ മുമ്പും മധ്യപ്രദേശ് പൊലീസ് ചുമത്തിയിരുന്നു.
വിവിധ കേസുകളിൽ തടവിലായിരുന്ന ഇയാൾ പത്ത് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി അടുത്തിടെയാണ് ഭൈരവ്ഗഡ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പെയ്ൻ്റിങ് ജോലിക്കാരനാണ് അഖീൽ. ഇയാൾക്കെതിരായ ചില കേസുകൾ 2012 മുതലുള്ളതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പുറമേ, ആയുധ നിയമം, മയക്കുമരുന്ന് വിരുദ്ധ നിയമം, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് എന്നിവ പ്രകാരം നിരവധി കേസുകളിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ലോകകപ്പ് മത്സരത്തിനായി ഇൻഡോറിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് അംഗങ്ങൾ വ്യാഴാഴ്ച രാവിലെ 11 മണിയോടെ അവർ താമസിച്ചിരുന്ന ഹോട്ടലിന് സമീപമുള്ള ഒരു കഫേയിലേക്ക് നടന്നു പോകവെ ആയിരുന്നു അഖീൽ ഇവരെ അപമാനിച്ചത്. അഖീൽ തൻ്റെ ബൈക്കിൽ ഓസീസ് വനിതാ ക്രിക്കറ്റ് കളിക്കാരുടെ അടുത്തേക്ക് വരികയും അവരിൽ ഒരാളെ കയറിപ്പിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തു. തുടർന്ന് അതിവേഗത്തിൽ ബൈക്ക് ഓടിച്ചുപോയ പ്രതി അധികം വൈകാതെ തിരിച്ചെത്തി മറ്റേ വനിതാ താരത്തെ കയറിപ്പിടിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരിഭ്രാന്തരായ കളിക്കാർ അവരുടെ സുരക്ഷാ മേധാവിക്ക് ഒരു സന്ദേശം അയച്ചു.
ഓസ്ട്രേലിയൻ ടീമിൻ്റെ സുരക്ഷാ ചുമതലയുള്ള ഡാനി സിമ്മൺസ് ഉടനെ പൊലീസിൽ പരാതി നൽകി. ഇൻഡോറിലെ ലോക്കൽ പൊലീസ് വേഗത്തിൽ തന്നെ പ്രതിയെ വലയിലാക്കാൻ ശ്രമം തുടങ്ങി. സമീപത്തെ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇൻഡോർ പോലീസ് കമ്മീഷണറേറ്റ് പ്രതിയെ കണ്ടെത്താൻ ഓപ്പറേഷൻ ആരംഭിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അഖീലിനെ ബൈക്കിൽ കണ്ടെത്തി. അയാൾ പൊലീസിൻ്റെ മുന്നിൽ കുടുങ്ങിയപ്പോൾ ഇടുങ്ങിയ വഴികളിലൂടെ ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ ഇയാളുടെ ബൈക്ക് മറിഞ്ഞ് അപകടവുമുണ്ടായി.
ബൈക്ക് അപകടത്തിൽ അഖീലിൻ്റെ ഇടതുകൈയിലും വലതുകാലിലും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ പിന്തുടരൽ, ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഈ കുപ്രസിദ്ധ കുറ്റവാളിക്കെതിരെ ഇപ്പോൾ പുതിയ കേസുകൾ ചുമത്തിയിരിക്കുകയാണ്.