
ദുബായ്: ഏഷ്യാ കപ്പില്‍ ടി20 യില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ യുഎഇയെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ തുടങ്ങിയത്. ആതിഥേയരായ യുഎഇ 57 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.3 ഓവറില്‍ കളി തീര്‍ത്തു വിജയക്കൊടി പാറിച്ചു.
4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ഇന്ത്യ യുഎഇയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 13.1 ഓവറില്‍ യുഎഇയുടെ ബാറ്റര്‍മാരെല്ലാം പുറത്തായിരുന്നു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റും ശിവം ദുബെ മൂന്ന് വിക്കറ്റും നേടി. ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
യുഎഇക്കെതിരെ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു. രണ്ട് ക്യാച്ചുകളും വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കി. യുഎഇ ബാറ്റിങ് നിരയില്‍ അലിഷാന്‍ ഷറഫു (22), മുഹമ്മദ് വസീം (19) എന്നിവര്‍ മാത്രമാണ് റണ്‍സ് രണ്ടക്കം കടന്നത്.
ഏഷ്യാകപ്പില്‍ യുഎഇയുടെ ഏറ്റവും ചെറിയ സ്‌കോറാണ് ഇന്ത്യക്കെതിരെ നേടാനായത്. ടി20 ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തിനാകും ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. കുല്‍ദീപാണ് ഇന്നത്തെ മത്സരത്തിലെ താരം. നാല് വിക്കറ്റുകളില്‍ മൂന്നെണ്ണം ഒറ്റ ഓവറിലാണ് കുല്‍ദീപ് നേടിയത്.
57 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കവും നല്‍കി. എന്നാല്‍ ഹൈദര്‍ അലിയുടെ ബോളില്‍ അഭിഷേക് ശര്‍മ പുറത്തായതോടെ മത്സരം പൂര്‍ത്തിയാക്കാനുള്ള ചുമതല ഗില്ലിനായി. മൂന്ന് സിക്‌സും രണ്ട് ഫോറുകളും അടക്കം 16 പന്തില്‍ 30 റണ്‍സ് എടുത്താണ് അഭിഷേക് ശര്‍മ മടങ്ങിയത്.
ഒമ്പത് പന്തില്‍ 20 റണ്‍സ് നേടി ഗില്ലും രണ്ട് പന്തില്‍ 7 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.