
ദുബായ്: ഏഷ്യ കപ്പിൻ്റെ 17ാമത്തെ പതിപ്പിനാണ് യുഎഇയിൽ ചൊവ്വാഴ്ച തുടക്കമാക്കുന്നത്. 2022ന് ശേഷം 2025ലാണ് ഏഷ്യ കപ്പ് ടി20 ഫോർമാറ്റിൽ തിരിച്ചെത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമുകൾക്ക് കൂടുതൽ മത്സരപരിചയം നേടാനാകുമെന്ന കാരണം കൊണ്ടാണ് ഇക്കുറി 20 ഓവർ ഫോർമാറ്റിലേക്ക് എഷ്യ കപ്പിനെ പരിഷ്കരിച്ചത്.
ക്രിക്കറ്റിൻ്റെ തുടക്കം അങ്ങ് ഇംഗ്ലണ്ടിൽ ആയിരുന്നുവെങ്കിലും ബ്രിട്ടീഷ് കോളനിവത്കരണത്തിൻ്റെ ഭാഗമായി അതിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രത്യേകിച്ച് ഏഷ്യൻ വൻകരയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വൻകരയിലെ ക്രിക്കറ്റ് ശക്തികൾ കൊമ്പുകോർക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൻ്റെ തുടക്കവും 1984ൽ യുഎഇയിൽ വച്ച് തന്നെയായിരുന്നു എന്നത് യാദൃച്ഛികതയാണ്. അന്ന് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയാണ് പ്രഥമ ഏഷ്യ കപ്പ് ജേതാക്കളായത്. 1986ൽ ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക കിരീടം ചൂടി. അന്ന് മുതൽ ഏഷ്യയിലെ പ്രധാന ക്രിക്കറ്റ് ഫോർമാറ്റായി ഏഷ്യ കപ്പ് മാറിയിരുന്നു.
അന്നൊന്നും ഇന്നത്തെ പോലെ ടി20 ഫോർമാറ്റിൽ ആയിരുന്നില്ല എഷ്യ കപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. 100 ഓവർ നീളുന്ന ഏകദിന മത്സരങ്ങളായിരുന്നു അന്നത്തെ പോരാട്ടങ്ങളുടെ സവിശേഷത. ഇരു ടീമുകൾക്കും 50 ഓവർ വീതമാണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. കാലം മാറിയതോടെ കുട്ടി ക്രിക്കറ്റിന് കൂടുതൽ കാണികളെ ലഭിച്ച് തുടങ്ങിയതും, ടീമുകളുടെ തിരക്കേറിയ മത്സര ഷെഡ്യൂളുകളും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
2016 മുതലാണ് ഏഷ്യ കപ്പ് ടി20 ഫോർമാറ്റിലേക്ക് മാറ്റിയത്. ആ വർഷത്തെ എഷ്യ കപ്പ് ജേതാക്കളായത് ഇന്ത്യ തന്നെയായിരുന്നു. കലാശപ്പോരിൽ താരതമ്യേന ദുർബലരായ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. പിന്നീട് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവായി ടൂർണമെൻ്റുകൾ നടത്താനായില്ലെങ്കിലും 2022ൽ വീണ്ടും എഷ്യ കപ്പ് നടത്തിയത് കുട്ടി ക്രിക്കറ്റിൻ്റെ ഫോർമാറ്റിൽ തന്നെയായിരുന്നു. അത്തവണത്തെ എഷ്യ കപ്പ് ടൂർണമെൻ്റിൽ ശ്രീലങ്കയായിരുന്നു ജേതാക്കൾ.
2023ൽ ഏകദിന ഫോർമാറ്റിലുള്ള എഷ്യ കപ്പ് ടൂർണമെൻ്റിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള നീലപ്പട ജേതാക്കളായിരുന്നു. എഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാമത്തെ കിരീടമാണ് ഹിറ്റ്മാനും കൂട്ടരും ഇന്ത്യക്ക് സമ്മാനിച്ചത്. 1984, 1988, 1990–91, 1995, 2010, 2016 2018, 2023 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ജേതാക്കളായത്.
ആറ് തവണ ജേതാക്കളായ ശ്രീലങ്കയാണ് രണ്ടാമത്. 1986, 1997, 2004, 2008, 2014, 2022 എന്നീ വർഷങ്ങളിലാണ് ലങ്ക സിംഹളവീര്യം കാട്ടിയത്. പാകിസ്ഥാൻ രണ്ട് തവണയും (2000, 2012) കിരീടത്തിൽ മുത്തമിട്ടു. മൂന്ന് തവണ ഫൈനലിൽ കടന്നെങ്കിലും ഇതേവരെ ട്രോഫി സ്വന്തമാക്കാൻ ബംഗ്ലാ കടുവകൾക്ക് സാധിച്ചിട്ടില്ല. ആ കുറവ് ഇക്കുറി അവർക്ക് പരിഹരിക്കാനാകുമോ എന്നാണ് ബംഗ്ലാ ആരാധകർ ഉറ്റുനോക്കുന്നത്.