

യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റില്‍ തിളങ്ങുകയാണ് ഇന്ത്യന്‍ എ ടീമിനായി കളിക്കുന്ന വൈഭവ് സൂര്യവംശി. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ 42 ബോളില്‍ 144 റണ്‍സാണ് വൈഭവ് നേടിയത്. ഇതോടെ ടൂര്‍ണമെന്റിലെ മിന്നും താരമായി പതിനാലുകാരന്‍ മാറി.
342.85 സ്‌ട്രൈക്ക് റേറ്റില്‍ 11 ഫോറും 15 സിക്‌സും അടക്കമായിരുന്നു വൈഭവിന്റെ പ്രകടനം. പാകിസ്ഥാനെതിരായ രണ്ടാമത്തെ മത്സരത്തിലും വൈഭവ് തിളങ്ങി. 45 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം.
ഒമാനുമായാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. പ്രകടനം കൊണ്ട് ഇതിനകം ഒമാന്‍ ടീമിന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട് ഇന്ത്യയുടെ കുട്ടിത്താരം. പതിനാല് വയസുള്ള ഒരാള്‍ എങ്ങനെയാണ് ഇത്ര സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നത് എന്നും ഒമാന്‍ താരങ്ങള്‍ ചോദിക്കുന്നു.
വൈഭവിനെ ഇതിനു മുമ്പ് ടെലിവിഷനിലൂടെ മാത്രമാണ് കണ്ടത്. ഇപ്പോള്‍ വൈഭവിനെതിരെ നേരിട്ട് മത്സരിക്കുകയാണെന്നും ഒമാന്‍ താരങ്ങള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഒമാന്റെ യുവതാരം ആര്യന്‍ ബിഷ്താണ് വൈഭവിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്.
14 വയസ്സുള്ള ഒരാള്‍ക്ക് ഇത്ര ദൂരത്തില്‍ പന്തടിക്കാന്‍ കഴിയുന്നത് അസാധാരണ കഴിവാണ്. എല്ലാവര്‍ക്കും സാധ്യമാകാത്ത കാര്യമാണ്. തീര്‍ച്ചയായും പതിനാല് വയസ്സില്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല. ആര്യന്‍ ബിഷ്ത് പറയുന്നു.
പതിനാലാം വയസില്‍ എങ്ങനെയാണ് ആ സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്നത് എന്നും ഒമാന്‍ താരം അത്ഭുതത്തോടെ ചോദിക്കുന്നു.