

പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗൗതം ഗംഭീര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെയാണ് പരിശീലകനായ ഗംഭീറിന്റെ പ്രതികരണം.
ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ, ഗംഭീര്‍ പരിശീലക സ്ഥാനം ഒഴിയണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലകനായി തുടരാന്‍ താന്‍ അര്‍ഹനാണോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താനല്ല, ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം. ഇംഗ്ലണ്ടിനെതിരേയും ചാംപ്യന്‍സ് ട്രോഫി കിരീടവും, ഏഷ്യ കപ്പും എല്ലാം നേടിയത് തന്റെ കീഴിലാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.
ഗുവാഹത്തി ടെസ്റ്റിലെ 408 റണ്‍സിന്റെ തോല്‍വിക്കു ശേഷം നടന്ന പ്രസ് മീറ്റിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് ഇന്ത്യന്‍ ടീമിലെ ഓരോ അംഗങ്ങളും ഉത്തരവാദികളാണെങ്കിലും അത് തുടങ്ങുന്നത് തന്നില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
നന്നായി കളിക്കേണ്ടതുണ്ട്, 95/1 എന്ന നിലയില്‍ നിന്ന് 122/7 വരെ എന്ന നിലയിലേക്കുള്ള വീഴ്ച്ച ഒരിക്കലും സ്വീകാര്യമല്ല. ഒരു വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. എല്ലാവരെയും കുറ്റപ്പെടുത്തണം. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, ഇനി ചെയ്യുകയുമില്ല.
ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം കളിച്ച 18 ടെസ്റ്റില്‍ പത്തിലും തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷം അടുത്ത ഹോം മത്സരത്തിനു മുമ്പ് സമ്പൂര്‍ണ മാറ്റത്തിനും ടീം വിധേയമായിരുന്നു. ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടും ഫലത്തില്‍ മാറ്റമുണ്ടായില്ല.
ടീമില്‍ പതിവായി മാറ്റങ്ങള്‍ വരുത്തുന്നതു മുതല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പകരം ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗംഭീറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ടെസ്റ്റില്‍ പ്രഗത്ഭരും കഴിവുള്ളവരെയുമല്ല, മറിച്ച് പരിമിതമായ കഴിവുള്ള കഠിനമായ കഥാപാത്രങ്ങളെയാണ് വേണ്ടതെന്നായിരുന്നു ഗംഭീറിന്റെ മറുപടി. അവരാണ് മികച്ച ടെസ്റ്റ് കളിക്കാരെ സൃഷ്ടിക്കുന്നതെന്നാണ് ഗംഭീറിന്റെ വാദം.
ടെസ്റ്റിലെ ഇന്ത്യന്‍ കിതപ്പ് മറികടക്കാന്‍ എന്താണ് പോംവഴി എന്ന ചോദ്യത്തിന്, ടെസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുക മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് ഗൗരവമുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങുക. അതിന് ഒരു കൂട്ടായ ശ്രമം ആവശ്യമാണ്. കളിക്കാരെയോ ഒരു പ്രത്യേക വ്യക്തിയെയോ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.