

മുംബൈ: രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരായ മത്സരത്തില്‍ 400 റണ്‍സുമായി ചരിത്രത്തില്‍ ഇടംപിടിച്ച് മിസോറം ക്രിക്കറ്റർ ചിന്മയ് സുതാര്‍. കളിയിലെ ആദ്യ ഇന്നിങ്സിലാണ് സുതാര്‍ ഈ നേട്ടത്തിലെത്തിയത്. 1948ന് ശേഷം ആദ്യമായാണ് രഞ്ജിയില്‍ ഒരു താരം 400 റണ്‍സിലധികം നേടുന്നത്. അന്ന് മഹാരാഷ്ട്രയുടെ ബിബി നിംബാല്‍ക്കര്‍ പുണെക്കെതിരായ മത്സരത്തില്‍ 443 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ രഞ്ജിയില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ചിന്മയ്.
2022-23 സീസണില്‍ അസമിനെതിരെ മുംബൈക്കായി 379 റണ്‍സ് നേടിയ പൃഥ്വി ഷായാണ് മൂന്നാം സ്ഥാനത്ത്. 366 റണ്‍സോടെ സഞ്ജയ് മഞ്ജരേക്കര്‍, 344 റണ്‍സോടെ എംവി ശ്രീധര്‍ എന്നിവര്‍ ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സ് അടിക്കുന്ന പത്താമത്തെ താരമാണ് ചിന്മയ് സുതാര്‍. ബ്രയാന്‍ ലാറ, ഡോണ്‍ ബ്രാഡ്മാന്‍ എന്നീ ഇതിഹാസതാരങ്ങള്‍ ഉള്‍പ്പെടുന്ന എലൈറ്റ് ലിസ്റ്റിലാണ് ഇന്ത്യന്‍ ബാറ്ററും ഉള്‍പ്പെട്ടിരിക്കുന്നത്. കൗണ്ടി ക്രിക്കറ്റില്‍ ഡര്‍ഹം ടീമിനെതിരെ വാര്‍വിക്ക്‌ഷെയറിനായി 501 റണ്‍സ് നേടിയ ബ്രയാന്‍ ലാറയാണ് ഈ ലിസ്റ്റില്‍ ഒന്നാമതുളളത്.
നാഗാലാന്‍ഡിനെതിരെ 517 പന്തുകളില്‍ നിന്നും 46 ഫോറുകളുടെയും ഏഴ് സിക്സറുകളുടെയും അകമ്പടിയിലാണ് ചിന്മയ് ഈ നേട്ടത്തിലെത്തിയത്. താരത്തിൻ്റെ മികവില്‍ മിസോറം ആദ്യ ഇന്നിങ്സില്‍ 581/9 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചിന്മയ് സുതാറിന് പുറമെ ജെഹു ആന്‍ഡേഴ്സണും 69 റണ്‍സെടുത്ത് തിളങ്ങി.
ഈ വർഷം ജനുവരിയിൽ വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്‌ക്കെതിരെ മുംബൈയ്ക്കായി കളിച്ചാണ് സുതാർ തൻ്റെ 'ലിസ്റ്റ് എ' കരിയര്‍ ആരംഭിച്ചത്. എന്നാൽ, രണ്ട് റൺസ് എടുക്കുന്നതിനിടെ റണ്ണൗട്ടായിരുന്നു. തുടർന്ന്, ഈ മാസം ആദ്യം മിസോറാമിൻ്റെ സീസൺ ഉദ്ഘാടന മത്സരത്തിലൂടെ അദ്ദേഹം തൻ്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. മണിപ്പൂരിനെതിരായ ആദ്യ ഇന്നിംഗ്സിൽ 35 റൺസ് നേടിയ സുതാർ, രണ്ടാം ഇന്നിംഗ്സിൽ 99 റൺസ് നേടിക്കൊണ്ട് മികച്ച തിരിച്ചുവരവാണ് നടത്തിയത്.
സമൂഹ മാധ്യമങ്ങളിലും മറ്റു താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ നിരധി മുൻതാരങ്ങളും സുതാറിനെ അഭിനന്ദിച്ചു.