
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് പരിശീലനത്തിന് ഗ്രൗണ്ട് വിട്ടുനൽകാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ 11ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് അനുമതി തേടിയപ്പോഴാണ് പാറ്റ് കമ്മിൻസിനും സംഘത്തിനും ഈ ദുരനുഭവം നേരിട്ടത്. ദക്ഷിണാഫ്രിക്കയാണ് കംഗാരുപ്പടയുടെ എതിരാളികൾ.
ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് എത്തിയ ഇന്ത്യൻ സംഘമാണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇപ്പോൾ പരിശീലനം നടത്തുന്നത്. ജൂൺ 24 ആരംഭിക്കേണ്ട പരമ്പരയ്ക്കായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. എന്നാൽ, ഓസീസ് ടീമിന് ലഭിക്കേണ്ട അവസരമാണ് ഇന്ത്യൻ ടീം തട്ടിയെടുത്തതെന്ന് ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ വിമർശിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അധികൃതർ ഇടപെട്ട് ഞായറാഴ്ച ഓസീസ് ടീമിന് പരിശീലന വേദി ഒരുക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലോർഡ്സിൽ കളിക്കാനെത്തുമ്പോൾ കംഗാരുപ്പടയ്ക്ക് ഇത്തരത്തിൽ മുമ്പും പലപ്പോഴായി അവഗണനകൾ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് കമ്മിൻസ് വെളിപ്പെടുത്തി.
"ഇന്ന് രാവിലെ കണ്ടപ്പോൾ ലോർഡ്സ് സ്റ്റേഡിയത്തിൻ്റെ ഏറ്റവും മികച്ച നിലവാരത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ഗ്രൗണ്ടിൽ മറ്റാരും എത്തിയിട്ടില്ല, അതെന്തായാലും നന്നായി. ഇത്തവണ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ഭാഗത്തു നിന്ന് കൂടുതൽ മെച്ചപ്പെട്ട സമീപനമാണ് പ്രതീക്ഷിക്കുന്നത്," കമ്മിൻസ് പറഞ്ഞു.
നേരത്തെ ആഷസ് പരമ്പരയുടെ മധ്യത്തിലും കാര്യങ്ങൾ വളരെ ചൂടേറിയതായിരുന്നു. പക്ഷേ അവരിൽ പലരും പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയൻ ക്യാപ്റ്റൻ)
"നേരത്തെ ആഷസ് പരമ്പരയുടെ മധ്യത്തിലും കാര്യങ്ങൾ വളരെ ചൂടേറിയതായിരുന്നു. പക്ഷേ അവരിൽ പലരും പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഇക്കുറി അവർ വളരെ മാന്യരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ഓസീസ് നായകൻ പറഞ്ഞു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ബൗളിങ് ആക്രമണം നയിക്കുന്നത് പാറ്റ് കമ്മിൻസായിരിക്കും. മിച്ചൽ സ്റ്റാർക്ക് , ജോഷ് ഹേസിൽവുഡ്, നഥാൻ ലിയോൺ തുടങ്ങിയവരുടെ മികച്ച പിന്തുണയും ടീമിനുണ്ടാകും. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ നാലാമത്തെ പേസ് ബൗളിങ് ഓപ്ഷനായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.