

2023 ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നല്‍കാന്‍ കഴിയുന്നതെല്ലാം ക്രിക്കറ്റ് തന്നില്‍ നിന്നും എടുത്തുകളഞ്ഞതായി തോന്നിയെന്നും രോഹിത് പറഞ്ഞു.
ഇനിയൊന്നും തന്നില്‍ അവശേഷിക്കുന്നുണ്ടെന്ന് തോന്നിയില്ല. ക്രിക്കറ്റ് ഇനി കളിക്കേണ്ടെന്ന് അന്ന് തോന്നിയിരുന്നുവെന്നാണ് രോഹിത് പറയുന്നത്. 2023 ലോകകപ്പില്‍ മികച്ച പ്രകടനവുമായിട്ടായിരുന്നു ഇന്ത്യ ഫൈനില്‍ എത്തിയത്. തുടര്‍ച്ചയായ ഒമ്പത് ജയങ്ങളുമായി ഫൈനലിലെത്തിയ രോഹിത്തിനും സംഘത്തിനും ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ അടിപതറി. ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ഇവന്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
ആ തോല്‍വിക്കു ശേഷം വളരെ അസ്വസ്ഥനായിരുന്നുവെന്ന് രോഹിത് തുറന്നു സമ്മതിക്കുന്നു. തന്നില്‍ നിന്നും എല്ലാം എടുത്തുകളഞ്ഞ കായിക ഇനം ഇനി കളിക്കേണ്ടെന്ന് പോലും തോന്നിപ്പോയി. അല്‍പനാള്‍ എടുത്തതിനു ശേഷമാണ് പഴയ നിലയിലേക്ക് തിരിച്ചെത്തിയത്.
ക്രിക്കറ്റിനെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് സ്വയം ഓര്‍മിപ്പിക്കേണ്ടി വന്നു. അതിനെ അത്രയെളുപ്പം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തി. സമയമെടുത്താണെങ്കിലും പഴയ ട്രാക്കിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. ഊര്‍ജം വീണ്ടെടുത്ത് കളിക്കളത്തില്‍ വീണ്ടും സജീവമായി.
ആ തോല്‍വി എല്ലാവരേയും അഗാധമായ നിരാശയിലാക്കിയിരുന്നു. സംഭവിച്ചത് വിശ്വസിക്കാന്‍ പോലും ആയില്ല. രണ്ടോ മൂന്നോ മാസമായിരുന്നില്ല ലോകകപ്പിനു വേണ്ടി മാറ്റിവെച്ചത്. 2022 ല്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതിനു മുന്നില്‍ അതിനു വേണ്ടി മറ്റെല്ലാം മാറ്റിവെച്ച തന്നെ ആ തോല്‍വി വ്യക്തിപരമായും വല്ലാതെ ബാധിച്ചു.
ടി20 ലോകകപ്പോ, 2023 ലോകകപ്പോ ഏതായാലും ഒരു ലോകകപ്പ് വിജയം മാത്രമായിരുന്നു തന്റെ ലക്ഷ്യം. അത് നടക്കാതെ വന്നപ്പോള്‍ പൂര്‍ണമായും തകര്‍ന്നു പോയി. ശരീരത്തിലെ ഊര്‍ജമെല്ലാം പോയതു പോലെയാണ് തോന്നിയത്. മാസങ്ങളെടുത്താണ് അവിടെ നിന്ന് തിരിച്ചു വന്നത്.
2023 ലെ ലോകകപ്പിലെ നിരാശ രോഹിതും സംഘവും മറികടന്നത് ഒരു വര്‍ഷത്തിനു ശേഷം ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോഴാണ്.
പൂര്‍ണമായും നല്‍കിയിട്ടും ഫലം അനുകൂലമാകാതിരുന്നാല്‍ നിരാശ തോന്നുന്നത് വളരെ സ്വാഭാവികമാണെന്നും രോഹിത് ശര്‍മ പറയുന്നു. അത് തന്നെയാണ് തനിക്കും സംഭവിച്ചത്. പക്ഷെ, എല്ലാം അവിടെ അവസാനിക്കില്ലെന്നും തനിക്ക് അറിയാമായിരുന്നു.
നിരാശയെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് വലിയൊരു പാഠമായിരുന്നു ആ തോല്‍വി. 2024 ലെ ടി20 ലോകകപ്പായി അടുത്ത ലക്ഷ്യം. അതിനു വേണ്ടി പരിശ്രമിച്ചു. ഇപ്പോള്‍ പറയാന്‍ എളുപ്പമാണ്. പക്ഷെ, ആ സമയം വളരെ കഠിനമായിരുന്നുവെന്ന് കൂടി രോഹിത് ശര്‍മ പറഞ്ഞു.