

ന്യൂഡല്‍ഹി: കാന്‍സറിനെതിരെ പൊരുതിയ കഥ പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റഅ താരം യുവരാജ് സിംഗ്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ മൈക്കിള്‍ വോഗന്റെ പോഡ്കാസ്റ്റിലാണ് പ്രതികരണം. താന്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തന്നോട് ഡോക്ടര്‍ ഇനി ആറ് മാസം കൂടിയേ ജീവിക്കൂ എന്ന് പറഞ്ഞിരുന്നുവെന്നാണ് യുവരാജ് പോഡ്കാസ്റ്റില്‍ പറഞ്ഞത്.
2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന അന്താരാഷ്ട്ര മത്സരത്തിലും പ്ലെയര്‍ ഓഫ് ദ സീരീസ് നേടിയ യുവരാജ് കാന്‍സറിനോട് പൊരുതിയുള്ള തന്റെ ജീവിതവും തിരിച്ചുവരവും എത്രത്തോളം കഠിനമായിരുന്നുവെന്ന് പറയുകയാണ്.
2011 ലോകകപ്പ് നടക്കുന്ന സമയത്ത് യുവരാജ് സിംഗ് കാന്‍സറിനോട് പൊരുതുന്ന സമയമാണ്. തന്റെ കരിയറിലെ മികച്ച പ്രകടനമാണ് ആ സീരീസില്‍ യുവരാജ് നല്‍കിയത്. സീരീസ് കഴിയുമ്പോഴേക്കും യുവരാജിന്റെ ആരോഗ്യവും നശിച്ചിരുന്നു.
'യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയം. ഒരു കുന്നിന്റെ ഏറ്റവും മുകളില്‍ നിന്നിട്ട് ഒരു കുഴിയിലേക്ക് പതിക്കുന്ന അവസ്ഥ. ഞാന്‍ അന്ന് ഡല്‍ഹിയിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടൂറിലായിരു്‌നനു. ഗാംഗുലി വിരമിക്കുകയും എന്റെ ടെസ്റ്റ് സ്‌പോട്ട് തുടങ്ങുകയും ചെയ്ത സമയം. അതിന് വേണ്ടി ഞാന്‍ കാത്തിരുന്നത് ഏഴ് വര്‍ഷമാണ്. അതുകൊണ്ട് തന്നെ മരിച്ചാലും കുഴപ്പമില്ല, അത് എനിക്ക് വേണം എന്ന ചിന്തയായിരുന്നു, പക്ഷെ ഞാന്‍ കൂടുതല്‍ അസുഖ ബാധിതനായിക്കൊണ്ടിരുന്നു,' യുവരാജ് പറഞ്ഞു.
അന്ന് ഡോക്ടര്‍ പറഞ്ഞത് ട്യൂമറുള്ളത് എന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണെന്നാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് കളിക്കാന്‍ പോകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഹൃദയാഘാതം ഉണ്ടാകും. കീമോ തെറാപ്പി ചെയ്തില്ലെങ്കില്‍ ഒരു മൂന്ന് മാസം മുതല്‍ ആറ് മാസം വരെയെ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് താന്‍ യാഥാര്‍ഥ്യം മനസിലാക്കിയതെന്നും ചിന്തിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ശേഷമാണ് യുവരാജ് യുഎസിലേക്ക് ചികിത്സയ്ക്കായി പോയതെന്നും പിന്നീട് ഒരിക്കലും ചിലപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ ആവില്ലെന്ന് അന്ന് തന്നോട് പറഞ്ഞിരുന്നതായും യുവരാജ് സിംഗ് പറയുന്നു. എന്നിരുന്നാലും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും യുവരാജ് പറയുന്നു.
ക്രിക്കറ്റ് കളിക്കാനാവില്ലെന്ന യാഥാര്‍ഥ്യത്തിലേക്കെത്താന്‍ ഒരു വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ 2014ലെ ടി 20 ലോകകപ്പില്‍ ഫിറ്റ്‌നസ് തിരിച്ചെടുത്ത് താന്‍ വീണ്ടും ടീമിലെത്തിയെന്നും യുവരാജ് പറയുന്നു. ക്രിക്കറ്റ് കളിക്കാനായില്ലെങ്കില്‍ താന്‍ പിന്നെ എന്ത് ചെയ്തിട്ടും എന്താണ് കാര്യമെന്നും യുവരാജ് ചോദിക്കുന്നു.