
മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന് പുറത്തേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടുകള്‍. 2026 ലെ ഐപിഎൽ മിനി ലേലത്തിന് മുമ്പ് സഞ്ജുവിനെ കൈമാറ്റം ചെയ്യാന്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
കളിക്കാരെ വെച്ചുമാറുന്നതിനായി രാജസ്ഥാന്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ സമീപിച്ചുവെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട്. മൂന്ന് കളിക്കാരുടെ പേരാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്. അതില്‍ ഒരാളെ വിട്ടുനല്‍കണമെന്നും പകരമായി തങ്ങളുടെ ക്യാപ്റ്റനെ നല്‍കാമെന്നുമായിരുന്നു രാജസ്ഥാന്റെ ഓഫർ. എന്നാല്‍ ഈ ഓഫർ അപ്പോള്‍ തന്നെ ചെന്നൈ നിരസിച്ചു. ആ മൂന്ന് പേർ ചെന്നൈയ്ക്ക് അത്ര വിലപ്പെട്ടതാണ്.
റോയൽസുമായുള്ള ബന്ധത്തിൽ വിള്ളലുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, തന്നെ വിട്ടയക്കാനോ കൈമാറ്റം ചെയ്യാനോ സാംസൺ ഔദ്യോഗികമായി ആവശ്യപ്പെട്ടതായി വാർത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് , ഫ്രാഞ്ചൈസിയുടെ ലീഡ് ഉടമ മനോജ് ബദാലെ മറ്റ് ഒമ്പത് ഐപിഎൽ ടീമുകളുമായും നേരിട്ട് ബന്ധപ്പെട്ട് താരത്തെ കൈമാറ്റം ചെയ്യുന്നതിന്, ചർച്ചകൾ ആരംഭിച്ചത്.
സഞ്ജുവിന് പകരമായി ബദാലെ ചില കളിക്കാരുടെ പേരുകൾ അവതരിപ്പിച്ചുവെന്നും പല ടീമുകളുമായും ഒരു കരാറിന് അടുത്തെത്തിയെന്നുമാണ് പുതിയ റിപ്പോർട്ടുകള്‍. ഇത്തരത്തില്‍ ബദാലെ സമീപിച്ച ടീമുകളില്‍ ഒന്നാണ് ചെന്നൈ. സഞ്ജുവിന് പകരമായി റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരില്‍ ഒരാളെ കൈമാറ്റം ചെയ്യണമെന്നാണ് ബദാലെ ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് തവണ ഐപിഎല്‍ ചാംപ്യന്മാരായ സിഎസ്‌കെ തങ്ങളുടെ കളിക്കാരെ, വിശേഷിച്ചും നിലവിലെ ക്യാപ്റ്റന്‍ ഗെയ്‌ക്‌വാദിനെ വിട്ടുനല്‍കാന്‍ കൂട്ടാക്കിയില്ല.
രാജസ്ഥാന്‍ മറ്റ് ഓഫറുകള്‍ മുന്നോട്ട് വെച്ചില്ലെങ്കില്‍ സഞ്ജുവിനെ താരലേലത്തില്‍ സ്വന്തമാക്കാനാകും ചെന്നൈ ശ്രമിക്കുക. എന്നാല്‍, അതത്ര എളുപ്പമാകില്ല. ലേലത്തിന് മുന്‍പ് താരവുമായി കരാർ ഒപ്പിടാന്‍ പല ടീമുകളും അണിയറയില്‍ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍.