
ഐപിഎല്ലിൽ ചൊവ്വാഴ്ച നടന്ന ആർസിബി-ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് മത്സരത്തിനിടെ 'വിവാദ പുറത്താക്കൽ നടപടി'യായ മങ്കാദിങ് പ്രയോഗിച്ച് വിവാദ ബൌളർ ദിഗ്‌വേഷ് സിങ് റാത്തി. ഈ സീസണിൽ മികച്ച ഫോമിലുള്ള ലഖ്നൌവിൻ്റെ ലെഗ് സ്പിന്നർക്ക് ഇന്നലെ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടയിലാണ് ബെംഗളൂരുവിൻ്റെ ഫോമിലുള്ള ബാറ്ററും താൽക്കാലിക നായകനുമായ ജിതേഷ് ശർമയെ പുറത്താക്കാൻ അറ്റകൈ പ്രയോഗം തന്നെ റാത്തി നടത്തിയത്. ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിക്കുന്നതായിരുന്നു ഈ നീക്കം.
മത്സരത്തിൻ്റെ 17ാം ഓവറിൽ റാത്തിയെ റിവേഴ്സ് സ്വീപ് കളിക്കാൻ ശ്രമിച്ച ആർസിബിയുടെ താൽക്കാലിക നായകൻ്റെ ഷോട്ട് ചെന്ന് നിന്നത് പോയിൻ്റിൽ ഫീൽഡ് ചെയ്തിരുന്ന ആയുഷ് ബദോനിയുടെ കൈകളിലേക്കായിരുന്നു. ഉടനെ ദിഗ്‌വേഷ് റാത്തി ഉടനെ പതിവ് 'എഴുതിത്തള്ളൽ ആഘോഷം' നടത്തി. എന്നാൽ അമ്പയർ ബാക്ക് ഫൂട്ട് നോബോൾ വിളിച്ചു. ഇതോടെ കൂറ്റൻ റൺമല താണ്ടുന്ന ആർസിബിക്ക് വൻ ഊർജമാണ് തിരികെ ലഭിച്ചത്. ചെമ്പടയുടെ ആരാധകരും ഇത് ആഘോഷമാക്കി.
തൊട്ടുപിന്നാലെ ഓവറിലെ അഞ്ചാം പന്തിലാണ് ഏറെ വിവാദമായ മങ്കാദിങ് രീതിയിലൂടെ ആർസിബി നായകനെ പുറത്താക്കാൻ ശ്രമിച്ചത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന ജിതേഷിനെ ബൌളറായ റാത്തി ഫേക്ക് ബൌളിങ് ആക്ഷന് പിന്നാലെ റണ്ണൌട്ടാക്കുകയായിരുന്നു. പിന്നാലെ അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ക്രിക്കറ്റിൽ തീർത്തും നിയമവിധേയമായ മങ്കാദിങ് റണ്ണൌട്ടിൽ ബാറ്റർമാരെ പുറത്താക്കുന്നത് പതിവ് രീതിയാണ്.
ഇതിനിടെ ഗ്യാലറിയിൽ ഡ്രസിങ് റൂമിലിരുന്ന് ഇത് കണ്ടു നിന്ന കോഹ്ലിക്ക് ദേഷ്യമടക്കാനായില്ല. കയ്യിലിരുന്ന വെള്ളക്കുപ്പി കോഹ്ലി വലിച്ചെറിയാൻ ശ്രമിക്കുന്നതും നിരാശ പ്രകടിപ്പിക്കുന്നതും ടെലിവിഷൻ സ്ക്രീനിൽ വ്യക്തമായിരുന്നു. ദിഗ്‌വേഷ് റാത്തിയുടെ പന്തിൻ്റെ റിലീസ് പോയിൻ്റിലെ അപാകത ചൂണ്ടിക്കാട്ടി തേർഡ് അമ്പയറും നോട്ട് ഔട്ടാണ് വിധിച്ചത്. പക്ഷേ അതിന് മുമ്പേ അപ്പീൽ പിൻവലിച്ച് റിഷഭ് പന്ത് അന്തരീക്ഷം തണുപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ജിതേഷ് ശർമ പന്തിന് ഹസ്തദാനം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.