
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി പ്രകടനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. 250ന് മുകളില്‍ റണ്‍സടിച്ച് ഇന്ത്യന്‍ നായകന്‍ തന്റെ ഇന്നിംഗ്‌സ് അവിസ്മരണീയമാക്കി. ഇന്ത്യയുടെ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 560 കടന്നു. ഗില്ലും ആകാശ് ദീപുമാണ് ക്രീസിൽ.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. ആറാം വിക്കറ്റില്‍ ഗില്ലും രവീന്ദ്ര ജഡേജയും ചേർന്ന് പടുത്തുയർത്തിയ 203 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. സ്കോർ 414ല്‍ എത്തിച്ച ശേഷമാണ് ജഡേജ ക്രീസ് വിട്ടത്. ജോഷ് ടങ്കിനായിരുന്നു വിക്കറ്റ്. 137 പന്തില്‍ 10 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 89 റണ്‍സാണ് ജഡേജ നേടിയത്.
ജഡേജയുടെ വിക്കറ്റ് വീണിട്ടും വാഷിങ്ടണ്‍ സുന്ദറുമായി ചേർന്ന് ഗില്‍ ടീം സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 450 കടത്തി. പിന്നാലെ ഇന്ത്യന്‍ നായകന് ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി. 311 പന്തുകളിലായിരുന്നു ഗില്ലിന്റെ ഈ നേട്ടം. സുന്ദറിനെ ഒരു വശത്ത് നിർത്തി കളി തുടർന്ന ഗില്ലിന്റെ സ്കോർ 250ഉം കടന്നു. 42 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ ജോ റൂട്ടാണ് പുറത്താക്കിയത്.
ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ ഇന്ത്യന്‍ നായകനുമാണ് ഗില്‍. രാഹുല്‍ ദ്രാവിഡും സുനില്‍ ഗവാസ്കറുമാണ് ഇംഗ്ലണ്ട് മണ്ണില്‍ ഇരട്ട സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍. വിദേശത്ത് ടെസ്റ്റില്‍ ഡബില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ നായകനും. കൊഹ്ലിയാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍. 46 വർഷം പഴക്കമുള്ള സുനിൽ ഗവാസ്കറിന്റെ റെക്കോർഡും 25കാരനായ ഗിൽ തകർത്തു. ഒരു വിദേശ ടെസ്റ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡാണ് ഗിൽ തകർത്തത്. 1979ൽ ഇംഗ്ലണ്ടിനെതിരെ ഗവാസ്കർ നേടിയ 221 റൺസാണ് ഗില്‍ മറികടന്നത്.