
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പേസ് വജ്രായുധം ജസ്പ്രീത് ബുമ്രയെ വർക്ക് ലോഡിൻ്റെ പേരിൽ പഴിക്കരുതെന്ന് അഭ്യർഥിച്ച് ബിസിസിഐ മുൻ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ താരവുമായ ചേതൻ ശർമ.
"മെഡിക്കൽ ടീം എന്നോട് ആൻ്റി ബയോട്ടിക് കഴിക്കണമെന്ന് നിർദേശിച്ചാൽ എനിക്ക് അത് കഴിക്കേണ്ടി വരും. ടീമിൻ്റെ ഫിസിയോ എന്നോട് വർക്ക് ലോഡ് കുറയ്ക്കണമെന്ന് നിർദേശിച്ചാൽ എനിക്ക് അത് ചെയ്യേണ്ടിവരും. കാരണം അവരാണ് ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ തീരുമാനിക്കേണ്ടവർ," ചേതൻ ശർമ പറഞ്ഞു.
ആരും ഒഴിച്ചുകൂടാത്തവരല്ല എന്നായിരുന്നു ഈ വിഷയത്തിൽ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറുടെ മറുപടി. "അതുകൊണ്ടാണ് പറയുന്നത് ജസ്പ്രീത് ബുമ്ര എപ്പോഴാണ് കളിക്കേണ്ടതെന്ന് സെലക്ടർമാരാണ് തീരുമാനിക്കേണ്ടതെന്ന്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഇതേപറ്റി നിരന്തരം ചർച്ച നടത്തിയതാണ്. ബുമ്രയുടെ ഭാവിയെ കരുതിയാണ് ടീമിലേക്ക് ചിലപ്പോൾ പരിഗണിക്കാത്തത്. ഇന്ത്യൻ ക്രിക്കറ്റിനും താരത്തിന് വ്യക്തിപരമായും എന്താണ് ആവശ്യമെന്ന കാര്യത്തിൽ പലപ്പോഴും അവ്യക്തതയുണ്ട്," സുനിൽ ഗവാസ്കർ പറഞ്ഞു.
അതേസമയം, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിൽ ജസ്പ്രീത് ബുമ്ര ഇടംപിടിക്കുമെന്നാണ് കരുതുന്നത്. ടി20 ഫോർമാറ്റിൽ ബുമ്രയുടെ നാലോവറുകൾ മത്സരത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്. ഇടക്കാലത്തായി അത്ര മികച്ച ഫോമിൽ അല്ല ബുമ്രയെന്നതാണ് ഇന്ത്യൻ ടീമിനേയും ആരാധകരേയും സങ്കടപ്പെടുത്തുന്ന മറ്റൊരു ഘടകം.