യുഎഇ മുന്‍ നായകന്‍, രാജ്യാന്തര ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി; സി.പി. റിസ്‍വാന്‍ വിരമിച്ചു

യുഎഇക്കായി 42 ഏകദിന മത്സരങ്ങളും 18 ടി20 മത്സരങ്ങളുമാണ് റിസ്‍വാന്‍ കളിച്ചത്
സി.പി. റിസ്‍വാന്‍
സി.പി. റിസ്‍വാന്‍Source: X
Published on

യുഎഇ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും മലയാളിയുമായ സി.പി. റിസ്‌വാന്‍ (37) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപനം. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ് റിസ്‍വാന്‍.

"ഇത് എനിക്ക് മികച്ച ഒരു റോളർ കോസ്റ്റർ യാത്രയായിരുന്നു. കേരളത്തിലെ തലശേരി എന്ന ചെറിയ ടൗണില്‍ നിന്ന് വന്ന ഒരു ആൺകുട്ടി, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു... 2014ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണമെന്ന വലിയ സ്വപ്നങ്ങളുമായി യുഎഇയിലേക്ക് വന്നു... രാത്രിയിൽ ക്രിക്കറ്റ് കളിക്കുകയും രാവിലെ 8-6 മണിക്കൂർ മുഴുവൻ സമയ ജോലി ചെയ്യുകയും ചെയ്യുക... വെല്ലുവിളികൾ ഏറെയായിരുന്നു.. ," റിസ്‍‌വാന്‍ ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായി എഴുതി. ഏകദിനത്തിൽ സെഞ്ച്വറി നേടിയത് മുതൽ ടി20 ലോകകപ്പിൽ യുഎഇയെ നയിക്കാൻ കഴിഞ്ഞത് വരെയുള്ള ഓർമകള്‍ റിസ്‍വാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

യുഎഇയ്ക്കായി 42 ഏകദിന മത്സരങ്ങളും 18 ടി20 മത്സരങ്ങളുമാണ് റിസ്‍വാന്‍ കളിച്ചത്. 2024 മാർച്ചിൽ കാനഡയ്‌ക്കെതിരായ ഏക ഏകദിന മത്സരം ഒഴിച്ചാല്‍ ഏകദേശം രണ്ട് വർഷമായി ടീമില്‍ സജീവ സാന്നിധ്യമല്ല. ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം.

കേരളത്തിനായി അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടർ 25 ചാംപ്യൻഷിപ്പിൽ കേരള ടീമിനെ നയിച്ചതും റിസ്‌വാന്‍ തന്നെയായിരുന്നു. 2011 സീസണിൽ കേരള രഞ്ജി ടീമിൽ അംഗമായിരുന്നു. വിജയ് ഹസാരെ ടൂർണമെന്റിലും കളിച്ചു.

സി.പി. റിസ്‍വാന്‍
കൊച്ചിയുടെ തേരോട്ടം തടയാനാവാതെ കാലിക്കറ്റ്; ബ്ലൂ ടൈഗേഴ്സിന് മൂന്ന് വിക്കറ്റ് ജയം

ജോലിക്കായി 2014ന് ആണ് റിസ്‍വാന്‍ യുഎഇയില്‍ എത്തുന്നത്. മുൻനിര ബാറ്ററും ലെഗ് സ്പിന്നറുമായ താരത്തിന്റെ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനം 2019ല്‍ റിസ്‍വാനെ യുഎഇ ദേശീയ ടീമിലെത്തിച്ചു. അതേ വർഷം തന്നെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. നേപ്പാളിന് എതിരായ ഏകദിനമായിരുന്നു വേദി. തൊട്ടടുത്ത വർഷം അയർലന്‍ഡിനെതിരായ ഏകദിനത്തില്‍ ആദ്യ സെഞ്ച്വറിയും കുറിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസാണ് സമ്പാദ്യം. ഏഴ് ടി 20 സെഞ്ച്വറികളാണ് കരിയറില്‍ നേടിയത്.

തലശേരി സ്വദേശി അബ്​ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്​. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവർ സഹോദരിമാരാണ്. കുടുംബ സമേതം യുഎഇയിൽ ആണ്​ താമസം. അടുത്തിടെ എമിറേറ്റ്‌സ് എയർലൈനിൽ ഫെസിലിറ്റി മെയിന്റനൻസ് ഓഫീസറായി മുഴുവൻ സമയ ജോലിയിൽ പ്രവേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com