ഗൗതം ഗംഭീറിന് വന്‍ ഡിമാന്റ്; പിന്നാലെ നാല് ഐപിഎല്‍ ടീമുകള്‍

2028 ഐപിഎല്ലില്‍ ഗംഭീറിനെ പരിശീലകനായോ ഉപദേഷ്ടാവായോ എത്തിക്കാനാണ് ടീമുകള്‍ ശ്രമിക്കുന്നത്
Gautam Gambhir India head coach linked with IPL franchises
Image: Gautam Gambhir/Instagram
Published on: 
Updated on: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പിന്നാലെയാണ് ഐപിഎല്ലിലെ പ്രമുഖ ഫ്രാഞ്ചൈസികള്‍. 2027 ലെ ഏകദിന ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഒഴിയുന്ന ഗംഭീറിനെ എങ്ങനെയെങ്കിലും സ്വന്തം ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടീമുകള്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ഫ്രാഞ്ചൈസികള്‍ ഗംഭീറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മെന്റര്‍ഷിപ്പ് റോളിലേക്ക് ഇന്ത്യന്‍ പരിശീലകനെ എത്തിക്കാനുള്ള ചര്‍ച്ചകളിലാണ് ടീമുകളെല്ലാം.

നിലവില്‍ ദേശീയ ടീമിനൊപ്പം ന്യൂസിലന്റിലാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഉപദേശകനായിരുന്നു ഗംഭീര്‍.

2028 ഐപിഎല്ലില്‍ ഗംഭീറിനെ പരിശീലകനായോ ഉപദേഷ്ടാവായോ എത്തിക്കാനാണ് ടീമുകള്‍ ശ്രമിക്കുന്നത്. ബിസിസിഐയുമായുള്ള കരാര്‍ നീട്ടുകയാണെങ്കില്‍ ഫ്രാഞ്ചൈസികളുടെ പദ്ധതികള്‍ അല്‍പം കൂടി നീട്ടിവെക്കേണ്ടി വരും. കെകെആര്‍, രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകളാണ് പട്ടികയില്‍ മുന്നിലുള്ളത്. ഐപിഎല്‍ റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ടീമും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ടീമും ഗംഭീറിനായുള്ള മത്സരത്തിനുണ്ട്.

Gautam Gambhir India head coach linked with IPL franchises
ഇനിയൊരു വിദ്യാർഥിയേയും ബോണ് ടെസ്റ്റിന് അനുവദിക്കില്ല; കടുത്ത എതിർപ്പുമായി കോരുത്തോട് സ്കൂൾ

2022 ലും 2023 ലുമാണ് ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നത്. ഐപിഎല്ലില്‍ പുതുമുഖമായിരുന്ന ലഖ്‌നൗവിനെ ആദ്യ രണ്ട് സീസണുകളിലും പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലഖ്നൗവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഷാരൂഖ് ഖാന്റെ ക്ഷണപ്രകാരമാണ് ഗംഭീര്‍ കെ.കെ.ആറിലേക്ക് തിരിച്ചെത്തിയത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ 2024-ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടി, 10 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് വരള്‍ച്ച അവസാനിപ്പിച്ചു.

ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്ത് ഗംഭീര്‍ പോയതോടെ, കൊല്‍ക്കത്തയുടെ നിലയും പരുങ്ങലിലായി. തുടര്‍ന്നുളള രണ്ട് സീസണുകളില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് രണ്ട് തവണയും പ്ലേഓഫ് യോഗ്യത നേടാനാവാതെ പുറത്തു പോകേണ്ടി വന്നു. സമാനമായ തളര്‍ച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും ബാധിച്ചു. 2024-ലും 2025-ലും ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍, 2026-ല്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.