

ഡൽഹി: ഡൽഹി വനിതാ പ്രീമിയർ ലീഗിൽ വിക്കറ്റ് നേടിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ് മെധാവി ബിധൂരിയെന്ന ഇരുപത് കാരി. വിക്കറ്റ് നേട്ടത്തിന് പിന്നാലെയുള്ള ആഘോഷമാണ് വൈറലായത്. ആരാണ് മെധാവി? എന്തുകൊണ്ടാണ് മെധാവിയുടെ ആഘോഷം ട്രെൻഡിങ് ആയത് ? എന്നൊക്കെയാണ് ഇപ്പോൾ ആളുകൾ തിരയുന്നത്.
ഓഗസ്റ്റ് 20ന് നടന്ന ഡൽഹി വനിതാ പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ സെൻട്രൽ ഡെൽഹി ക്വീൻസിനായി കളത്തിലിറങ്ങിയ മെധാവി. നിലവിലെ ചാംപ്യൻമാരായ സൗത്ത് ഡെൽഹി സൂപ്പർസ്റ്റാർസിനെതിരെ നേടിയത് രണ്ട് വിക്കറ്റുകൾ. അതിൽ ഒരു വിക്കറ്റ് നേടിയതിന് പിന്നാലെയായിരുന്നു വ്യത്യസ്തമായ ആഘോഷം. രണ്ടു കൈകളും ഉയർത്തി താഴ്ത്തി. സിക്സ്-സെവൻ എന്ന ജെൻ-സി ട്രെൻഡ് ആഘോഷമാക്കിയതോടെ ക്യാമറകൾ മെധാവിയിലേക്ക് തിരിഞ്ഞു. പിന്നാലെ സോഷ്യൽ മീഡിയയിലും ആഘോഷം വൈറലായി.
ആഘോഷം വൈറലാകുന്നതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. മെധാവിയുടെ സാധാരണ ജേഴ്സി നമ്പർ 12. എന്നാൽ ഇത്തവണ ആ നമ്പർ ലഭിക്കാതെ വന്നതോടെ അനിയത്തിയുടെ നിർദേശപ്രകാരം 67 തെരഞ്ഞെടുത്തു. അങ്ങനെയാണ് 67 ജേഴ്സിയും സിക്സ്-സെവൻ ആഘോഷവും ഒന്നായത്.
പക്ഷേ മെധാവി ഡൽഹി ക്രിക്കറ്റിന് പുതിയ മുഖമല്ല. കഴിഞ്ഞ സീസണിൽ സൗത്ത് ഡെൽഹി സൂപ്പർസ്റ്റാർസിനായി ഡിപിഎൽ ഫൈനലിൽ മൂന്ന് വിക്കറ്റ് നേടി കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2024ൽ വനിതാ പ്രീമിയർ ലീഗ് ലേലത്തിനായും താരം രജിസ്റ്റർ ചെയ്തിരുന്നു. വൈറലായ ആഘോഷത്തിനൊപ്പം വിക്കറ്റുകളിലും തിളങ്ങാനായാൽ 67 ഇനി ക്രിക്കറ്റിലെ ശ്രദ്ധേയ നമ്പറാകുമെന്നുറപ്പാണ്.