

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോറ്റത് നന്നായെന്ന് തുറന്നു പറഞ്ഞ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. 76 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ദക്ഷിണാഫ്രിക്കയോട് സൂര്യകുമാര്‍ യാദവും സംഘവും ഏറ്റുവാങ്ങിയത്.
തോല്‍വിയോടെ ഇന്ത്യയുടെ സെമി മോഹങ്ങള്‍ കൂടുതല്‍ കഠിനമായെങ്കിലും മത്സരങ്ങളുടെ തുടക്കത്തില്‍ തന്നെ അങ്ങനെയൊരു തോല്‍വി നല്ലതാണെന്ന അഭിപ്രായമാണ് മുന്‍ താരം പങ്കുവെച്ചത്. ബിസിനസിനെ കുറിച്ചല്ല തന്റെ ആശങ്കയെന്ന് പറഞ്ഞ ശാസ്ത്രി, തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ഇന്ത്യയുടെ തോല്‍വി നേരത്തേ സംഭവിച്ചതില്‍ താന്‍ സന്തുഷ്ടനാണ്. പ്രത്യേകിച്ച് സെമി ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ടീമിനോടുള്ള തോല്‍വി. ഇന്ത്യക്ക് ആവശ്യമായ ഉണര്‍വ് നല്‍കാന്‍ ഈ തോല്‍വി സഹായിക്കും. തന്ത്രങ്ങളെക്കുറിച്ചും ടീം ഘടനയെക്കുറിച്ചും പുനര്‍ചിന്തനം നടത്താന്‍ തോല്‍വി ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കും.
ടീം ശക്തമായി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും. ഒന്നിനേയും ഇനി നിസ്സാരമായി കാണുകയുമില്ല. സൂപ്പര്‍ എട്ടില്‍ ഒരു മത്സരം കൂടി തോറ്റാല്‍ ടീം കൂടുതല്‍ സമ്മര്‍ദത്തിലാകുമെന്ന മുന്നറിയിപ്പും രവി ശാസ്ത്രി നല്‍കി.
സിംബ്‌ബാംവെയ്‌ക്കെതിരായ മത്സരത്തില്‍ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ശാസ്ത്രി, ആവശ്യമെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ഒന്നിച്ച് കളിക്കണമെന്നും പറഞ്ഞു.