

വിമര്‍ശിച്ചവരുടേയെല്ലാം വായടപ്പിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഗംഭീര തിരിച്ചുവരവ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നൂറ് റണ്‍സിന് എല്ലാവരും പുറത്തായി തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കണ്ടത്. 99 റണ്‍സിനാണ് മുംബൈയുടെ ജയം.
തിലക് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ ബൗളര്‍മാര്‍ ക്ഷീണിച്ചപ്പോള്‍, മുംബൈ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ഗുജറാത്തിന്റെ ബാറ്റര്‍മാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.
മത്സരം പൂര്‍ണമായും മുംബൈയുടെ കൈകളിലായിരുന്നു. മുംബൈയുടെ അണ്‍ക്യാപ്പ്ഡ് പേസര്‍ അശ്വനി കുമാര്‍ കരിയറിലെ മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. 4 നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് അദ്ദേഹം ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചു.
ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനും മുംബൈ ആരാധകര്‍ സാക്ഷിയായി. സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി പവര്‍പ്ലേയില്‍ തന്നെ ബുംറ ഗുജറാത്തിനെ വിറപ്പിച്ചു. പവര്‍പ്ലേയില്‍ തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
സ്വന്തം തട്ടകത്തില്‍ മുംബൈയോട് ഇതുവരെ തോറ്റിട്ടില്ലെന്ന ഗുജറാത്തിന്റെ ആത്മവിശ്വാസവും ഇന്നത്തോടെ തീര്‍ന്നു.
45 പന്തില്‍ പുറത്താകാതെ 101 റണ്‍സെടുത്ത തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ് 199 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി നഷ്ടമായിക്കൊണ്ടേയിരുന്നു.
ബുംറയുടെ ആദ്യ പന്തില്‍ തന്നെ സായ് സുദര്‍ശന്‍ പുറത്തായി. ബാറ്റ്‌സ്മാന്‍മാര്‍ വരുന്നതും പോയതുമെല്ലാം ഒരേ വേഗതയിലായിരുന്നു. ജോസ് ബട്ട്‌ലര്‍ അഞ്ചും ശുഭ്മാന്‍ ഗില്‍ 14 ഉം വാഷിങ്ടണ്‍ സുന്ദര്‍ 26 റണ്‍സുമെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ് (6) വന്ന പോലെ മടങ്ങി.
ബാറ്റിങ്ങില്‍ തിലക് ആണെങ്കില്‍ ബൗളിങ്ങില്‍ അശ്വനി കുമാര്‍ ആണ് മുംബൈയുടെ നട്ടെല്ലായത്. 11 ാം ഓവറില്‍ രാഹുല്‍ തെവാട്ടിയ(8), 13ാം ഓവറില്‍ റാഷിദ് ഖാന്‍ (4), ഷാരൂഖ് ഖാന്‍ (17) എന്നിവരെല്ലാം അശ്വിനി കുമാറിന്റെ ബൗളിങ്ങിന്റെ ചൂടറിഞ്ഞു.
ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതര്‍ച്ചയിലാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഡാനിഷ് മലേവാര്‍ രണ്ട് റണ്‍സ് എടുത്ത് പുറത്തായി. കാഗിസോ റബാഡയുടെ തകര്‍പ്പന്‍ സ്‌പെല്ലില്‍ ക്വിന്റണ്‍ ഡി കോക്ക് (13), സൂര്യകുമാര്‍ യാദവ് (15) യും പുറത്തായി.
ഇതോടെ, 44-3 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റില്‍ നമാന്‍ ധിര്‍-തിലക് വര്‍മ കൂട്ടുകെട്ടാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. സ്‌കോര്‍ 96 ല്‍ എത്തി നില്‍ക്കുമ്പോഴാണ് നമാന്‍ പുറത്താകുന്നത്. 32 പന്തില്‍ നിന്ന് 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിലകും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. നമന്‍ ധീര്‍ (45), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവര്‍ മാത്രമാണ് തിലകിനെ കൂടാതെ അല്‍പ്പമെങ്കിലും സ്‌കോര്‍ ചെയ്തത്.
5 മത്സരങ്ങളില്‍ ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈക്ക് ഇന്നത്തെ മത്സരം അഭിമാനപ്പോരാട്ടമായിരുന്നു. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങിയത്.