

കൊളംബോ: ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള സ്പോർട്സ് മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ താരമായത് ഒരു മലയാളിയാണ്. അത് സഞ്ജു സാംസൺ ആയിരുന്നില്ല, മറിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് ലോക പ്രശസ്തനായി മാറിയ മലയാളി റാപ്പർ ഹനുമാൻകൈൻഡ് ആണ് ഹൈവോൾട്ടേജ് ഇടിമിന്നൽ പെർഫോമൻസുമായി സ്റ്റേഡിയത്തെ ഇളക്കിമറിച്ചത്.
നീല കളറിലുള്ള ഹുഡി ധരിച്ച് ഫോർവീലറായ സൂപ്പർ ബൈക്കിലായിരുന്നു ആർ. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് ഹനുമാൻകൈൻഡിൻ്റെ പവർഫുൾ എൻട്രി. ഡാൻസർമാർക്കൊപ്പം തകർപ്പൻ പെർഫോമൻസാണ് താരം നടത്തിയത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇരുടീമുകളും എത്തുമ്പോൾ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് ക്രിക്കറ്റ് മാമാങ്കമാണ് നടക്കുക. അഭിഷേകിനെ ചൊല്ലി ഇന്ത്യ-പാക് നായകന്മാരുടെ പരാമർശങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സ്പിൻ പിച്ചിൽ പാകിസ്ഥാൻ ഒരുക്കുന്ന കെണിയിൽ വീഴാതെ ബാറ്റ് ചെയ്യുകയാകും ഇന്ത്യയുടെ ലക്ഷ്യം. ഇരു ടീമുകളുടെയും സ്പിൻ ബലം ഇന്ന് പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഇന്ന് മുഖത്ത് നോക്കുകയോ ഹസ്തദാനം നടത്തുകയോ ചെയ്തിട്ടില്ല.