

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ലൈനപ്പിനെ കുറിച്ച് സൗരവ് ഗാംഗുലി. അസുഖ ബാധിതനായ അഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തിലും ഇന്ത്യക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുന്‍ താരം പറയുന്നത്. അഭിഷേകിന് പകരം സഞ്ജുവിനെ ആത്മവിശ്വാസത്തോടെ ഇറക്കാമെന്ന് ഗാംഗുലി പറയുന്നു.
വയറിലെ അണുബാധയെ തുടര്‍ന്ന് നമീബിയയ്‌ക്കെതിരായ കഴിഞ്ഞ മത്സരം ഓപ്പണറായ അഭിഷേക് ശര്‍മയ്ക്ക് നഷ്ടമായിരുന്നു.
ഇനി അഭിഷേക് ഇല്ലെങ്കിലും ഇന്ത്യന്‍ ടീമിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ നിശ്ചയിക്കപ്പെട്ടതാണ്. നിലവിലെ ടീം അത്രത്തോളം സന്തുലിതമാണ്. അതിനാല്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമുണ്ടാകില്ല.
അഭിഷേക് ശര്‍മ്മ ഫിറ്റാണെങ്കില്‍ അദ്ദേഹം കളിക്കും. അല്ലാത്തപക്ഷം എല്ലാം പഴയതുപോലെ തന്നെ തുടരും. അദ്ദേഹം ഫിറ്റല്ലെങ്കില്‍ സഞ്ജു സാംസണ്‍ സഞ്ജു കളിക്കും. സഞ്ജു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് അവസരം നല്‍കേണ്ടത് പ്രധാനമാണ്. കാരണം, രണ്ട് തവണ പരാജയപ്പെട്ടാല്‍ പുറത്താകുമെന്നും റണ്‍സ് എടുത്താല്‍ മാത്രം ടീമില്‍ തുടരാമെന്നുമുള്ള അമിത സമ്മര്‍ദ്ദത്തില്‍ ഒരു കളിക്കാരനും ഒരിക്കലും കളിക്കാന്‍ കഴിയില്ലെന്നും സഞ്ജുവിനെ പിന്തുണച്ചു കൊണ്ട് സൗരവ് ഗാംഗുലി പറഞ്ഞു.
അദ്ദേഹത്തിന്റെ ഫോം നിലനിർത്താൻ കൂടുതൽ മത്സരങ്ങളിൽ അവസരം നൽകേണ്ടത് പ്രധാനമാണ്. വെറും ഒരു വർഷം മുമ്പാണല്ലോ അദ്ദേഹം ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികൾ നേടിയത്. അദ്ദേഹത്തിന് വലിയ കഴിവുണ്ട്, അർഹിക്കുന്ന സമയം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തിന് കൊളംബോയിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങും. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുക. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അഭിഷേകിന് വിശ്രമം നല്‍കുമെന്നാണ് സൂചന. അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജുവായിരിക്കും ഓപ്പണറായി എത്തുക. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.