

സേലം: കേരളത്തിലെ ടെന്നീസ് ബോൾ ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരങ്ങളും ദേശീയ നിലവാരത്തിലുള്ള മത്സരാനുഭവവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ(കെടിസിഎ) സംഘടിപ്പിച്ച ആറാമത് കേരള പ്രീമിയർ ലീഗിന് (കെപിഎൽ എഡിഷൻ ആറ്) ആവേശകരമായ സമാപനം. തമിഴ്‌നാട്ടിലെ സേലം ഫോറസ്റ്റ് മെഡോസ് റിസോർട്ട് ഗ്രൗണ്ടിൽ നവംബർ നാല് മുതൽ എട്ട് വരെ അരങ്ങേറിയ ടൂർണമെന്റിനൊടുവിൽ നടന്ന കലാശപ്പോരിൽ ഹിമാലയൻ ഹറിക്കെയ്ൻസ് ജേതാക്കളായി. ഡിസി വാരിയേഴ്‌സ് മൂവാറ്റുപുഴയായിരുന്നു ഫൈനലിൽ എതിരാളികൾ. എച്ച്എംആർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു ടൂർണമെന്റിന്റെ മുഖ്യ അവതാരകർ.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 16 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കിരീടം നേടിയ ഹിമാലയൻ ഹറിക്കെയ്ൻസിന് അഞ്ചു ലക്ഷം രൂപയും റണ്ണറപ്പായ ഡിസി വാരിയേഴ്‌സിന് രണ്ടര ലക്ഷം രൂപയും ട്രോഫിയും സമ്മാനത്തുകയായി ലഭിച്ചു. സെമിഫൈനലിൽ പുറത്തായ മൂന്നും നാലും സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപ വീതം സമ്മാനിച്ചു.
മികച്ച ബാറ്റിങ്ങും ബൗളിങ്ങും പുറത്തെടുത്ത് വ്യക്തിഗത പ്രകടനങ്ങളിൽ സന്ദീപ് എരുമേലി ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച ബൗളർക്കുള്ള പുരസ്‌കാരവും സന്ദീപ് സ്വന്തമാക്കി. മികച്ച ബാറ്ററായി തിരുവനന്തപുരം സ്വദേശി രാം രാജും, എമർജിങ് പ്ലെയറായി ഷാനും തെരഞ്ഞെടുക്കപ്പെട്ടു.
എഡ്ജ് ടെക് ഗ്രാൻഡ് ഓക്ഷൻ ടൈറ്റിൽ സ്‌പോൺസറായ ടൂർണമെന്റിന് എഡ്ജ് ടെക്, എച്ച്എംആർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്‌ലസ് ഇന്റർനാഷണൽ ഗ്രൂപ്പ്, സുൽത്താൻ ബ്രദേഴ്‌സ്, സ്‌കൈ ഏവിയേഷൻ, ഏഡൻ ഫ്രൂട്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണ നൽകി. കെപിഎൽ ആറാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കെടിസിഎ പ്രസിഡന്റ് വിപിൻ നിർവഹിച്ചു. സമാപന സമ്മേളനത്തിലും പുരസ്‌കാര വിതരണ ചടങ്ങുകളിലും മനോജ് മനോത്തൊടി, പ്രതീഷ് ഗോകുലം, എൽഒഇ ചെയർമാൻ ശിവപ്രസാദ്, കെടിസിഎ രക്ഷാധികാരികളായ രാജു, പ്രജിത് എന്നിവർ സംബന്ധിച്ചു.
ആറാം പതിപ്പ് വിജയകരമായി പൂർത്തിയായതിന് പിന്നാലെ കേരള പ്രീമിയർ ലീഗിന്റെ ഏഴാം സീസണും പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയുടെ വമ്പൻ സമ്മാനത്തുകയോടെയാണ് അടുത്ത പതിപ്പ് സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.