

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി ഒരിക്കൽ വാഴ്ത്തപ്പെട്ട ലക്ഷ്മൺ ശിവരാമകൃഷ്ണന് അധിക കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാൻ സാധിച്ചിരുന്നില്ല. സലീം മാലിക്, ഇമ്രാൻ ഖാൻ തുടങ്ങിയ ക്രിക്കറ്റിലെ മഹാന്മാരെ തകർത്ത ലെഗ് സ്പിന്നർക്ക് കൗമാരപ്രായത്തിൽ അദ്ദേഹം കണ്ട സ്വപ്നങ്ങൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. എന്നാൽ അത് പൂർണമായും അദ്ദേഹത്തിൻ്റെ മാത്രം കുറ്റം കൊണ്ടായിരുന്നില്ല. മികച്ച തുടക്കം നൽകിയിട്ടും അദ്ദേഹം കൈവരിക്കാത്ത പുരോഗതി മാത്രമായിരുന്നില്ല അതിനു പിന്നിൽ. താൻ പലപ്പോഴും അനുഭവിച്ചിരുന്ന വംശീയ അധിക്ഷേപങ്ങൾ തൻ്റെ മനസിൽ അവശേഷിപ്പിച്ച മുറിവും ഇതിന് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലക്ഷ്മൺ.
ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മൺൻ്റെ വെളിപ്പെടുത്തൽ. 14 വയസ്സുള്ളപ്പോഴാണ് തൻ്റെ ആദ്യ അനുഭവമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ചെപ്പോക്കിൽ നെറ്റ് ബൗളറായി ഇന്ത്യൻ ക്യാമ്പിൽ ചേർന്നിരുന്നു. യൂണിഫോമിൽ തന്നെയായിരുന്ന അദ്ദേഹം നേരെ സ്റ്റേഡിയത്തിലെ ഒരു ചെറിയ മുറിയിൽ വസ്ത്രം മാറാനെത്തി. ആ സമയത്ത് ഒരു മുതിർന്ന ഇന്ത്യൻ ബാറ്റ്സ്മാൻ അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹത്തോട് വന്ന് ഷൂസ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.
ആ കമൻ്റ് കേട്ട് സ്തബ്ധനായിപ്പോയ ലക്ഷ്മൺ അത് എൻ്റെ കാര്യമല്ല, നിങ്ങൾ ചെയ്യേണ്ടത് ചെയ്താൽ മതിയെന്ന് മറുപടി നൽകുകയും ചെയ്തതായും പറയുന്നു. മുതിർന്ന കളിക്കാരൻ തന്നെ ഗ്രൗണ്ട് സ്റ്റാഫായി തെറ്റിദ്ധരിച്ചതായിരുന്നു ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. "വംശീയതയോ വർണ്ണ വിവേചനമോ എന്താണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു" ആ സംഭവത്തെ കുറിച്ച് ലക്ഷ്മൺ പറഞ്ഞു.
അത് ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു തമിഴ്‌നാട് ടീമിലെ പ്രമുഖ കളിക്കാർ എന്നെ " കറുപ്പ " (കറുത്ത തൊലിയുള്ളവൻ) എന്നാണ് വിളിച്ചിരുന്നത്. മുംബൈ, ചണ്ഡീഗഡ്, ജലന്ധർ എന്നിവിടങ്ങളിൽ ബൗണ്ടറിക്ക് സമീപം ഫീൽഡ് ചെയ്യുമ്പോൾ, കാണികൾ പലപ്പോഴും ചർമ്മത്തിൻ്റെ നിറത്തെ പരിഹസിച്ച് "കാലിയ, തേരാ ക്യാ ഹോഗ" എന്ന് കളിയാക്കുമായിരുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു.
വംശീയത വെളിവാക്കിയ മറ്റൊരു സംഭവം തന്നെ വളരെയേറെ വിഷമിപ്പിച്ചതായും ലക്ഷ്മൺ പറയുന്നു. ഒരു മുതിർന്ന ഇന്ത്യൻ കളിക്കാരൻ തൻ്റെ ചർമ്മത്തിൻ്റെ നിറത്തെ തൻ്റെ പതിനേഴാം പിറന്നാളിന് കൊണ്ടുവന്ന കേക്കിനോടാണ് താരതമ്യം ചെയ്തതെന്ന് ലക്ഷ്മൺ വെളിപ്പെടുത്തി. കരഞ്ഞു കൊണ്ട് കേക്ക് മുറിച്ച തന്നെ സമാധാനിപ്പിച്ചത് സുനിൽ ഗവാസ്‌കറാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഹേ സണ്ണി, നീ ഓർഡർ ചെയ്തത് ശരിയായ നിറത്തിലുള്ള കേക്കാണ്. ഒരു ഡാർക്ക് ബോയ് ക്ക് ഇത്രയും നല്ല ഡാർക്ക് ചോക്ലേറ്റ് കേക്ക്,"എന്നായിരുന്നു ആ കമൻ്റ്. ഞാൻ കരയുകയും കേക്ക് മുറിക്കാൻ വിസമ്മതിക്കുകയും ചെയ്തു.ഒടുവിൽ സുനിൽ ഗവാസ്കറാണ് എന്നെ സമാധാനിപ്പിച്ചത്" ലക്ഷ്മൺ പറഞ്ഞു.