

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഐസിസി ടി20 ലോകകപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബിസിസിഐയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും സംയുക്തമായാണ് ടൂർണമെൻ്റിന് വേദിയൊരുക്കുന്നത്. tickets.cricketworldcup.com എന്ന വെബ്സൈറ്റിലൂടെ ലോകകപ്പിൻ്റെ ടിക്കറ്റുകൾ വാങ്ങാനാകും.
നേരത്തെ ഈ ലോകകപ്പ് ഇന്ത്യയിൽ മാത്രമായി നടത്താനായിരുന്നു പദ്ധതിയെങ്കിലും, ഏഷ്യാ കപ്പിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകർന്നതിനെ തുടർന്നാണ് നിഷ്പക്ഷവേദിയായി ശ്രീലങ്കയെ പരിഗണിച്ചത്.
2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ഐസിസി പുരുഷ ടി20 ലോകകപ്പ് നടക്കുക. പുരുഷ ടി20 ലോകകപ്പിൻ്റെ പത്താം പതിപ്പായിരിക്കും ഇത്. കഴിഞ്ഞ ടി20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു.
ഫെബ്രുവരി ഏഴിന് പകൽ 11 മണിക്കാണ് പാകിസ്ഥാനും നെതർലൻഡ്സും തമ്മിലുള്ള ലോകകപ്പിലെ ഉദ്ഘാടന മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം അന്നേ ദിവസം രാത്രി ഏഴ് മണിക്കാണ് നടക്കുക. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. താരതമ്യേന ദുർബലരായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ. അന്നേ ദിവസം മൂന്ന് മണിക്ക് വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും ഏറ്റുമുട്ടുന്നുണ്ട്.
2023ലെ ഏകദിന ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി, ടി20 ലോകകപ്പ് തിരഞ്ഞെടുത്ത കുറച്ച് നഗരങ്ങളില്‍ മാത്രം നടത്താനും ഓരോ വേദിയിലും ആറ് മത്സരങ്ങള്‍ വീതം നടത്താനുമാണ് ഐസിസിയും ബിസിസിയും ചേര്‍ന്ന യോഗത്തില്‍ ധാരണയായത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പിനുള്ള വേദികള്‍ തീരുമാനിച്ചു. ഫൈനല്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍, ചെന്നൈ ചിദംബരം സ്‌റ്റേഡിയം, മുംബൈ വാങ്കഡേ സ്‌റ്റേഡിയം എന്നിവയും അന്തിമ പട്ടികയിലുണ്ട്. ശ്രീലങ്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാകും മത്സരം നടക്കുക.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലാക്കാനും തീരുമാനമായി. കൊളംബോ ആയിരിക്കും വേദി. മത്സരത്തില്‍ ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചാല്‍ അന്തിമ മത്സരത്തിന്റെ വേദിയും കൊളംബോ ആയിരിക്കും.