ക്രിക്കറ്റ് ഇനി കൂടുതൽ ത്രില്ലറാകും, കാരണമറിയേണ്ടേ?

ഇതോടെ ക്രിക്കറ്റ് ടീമുകൾ ഏറെ നാളായി അനുഭവിച്ചുവരുന്ന പലവിധം തലവേദനകൾക്ക് ഐസിസി പരിഹാരം കണ്ടിരിക്കുന്നത്.
ICC News Cricket Rules
Source: News Malayalam 24x7
Published on

കഴിഞ്ഞ ദിവസം ക്രിക്കറ്റിനെ കൂടുതൽ ത്രില്ലിങ്ങാക്കി മാറ്റിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 26നാണ് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിൽ ചില നിയമ പരിഷ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതോടെ ക്രിക്കറ്റ് ടീമുകൾ ഏറെ നാളായി അനുഭവിച്ചുവരുന്ന പലവിധം തലവേദനകൾക്ക് ഐസിസി പരിഹാരം കണ്ടിരിക്കുന്നത്.

എന്താണ് 'പുതിയ പവർ പ്ലേ നിയമം'

മഴ പോലെയുള്ള പ്രതികൂല കാലാവസ്ഥ കൊണ്ടോ.. ഗ്രൗണ്ടിലെ വെളിച്ചക്കുറവ് കൊണ്ടോ.. വെട്ടിച്ചുരുക്കിയ ടി20 മത്സരങ്ങൾക്ക് അനുയോജ്യമായ പുതിയ പവർ പ്ലേ നിയമമാണ് ഐസിസി അവതരിപ്പിച്ചിരിക്കുന്നത്. 2025 ജൂലൈ മുതൽ, ടി20 ക്രിക്കറ്റിൽ പ്രാബല്യത്തിൽ വരുന്ന 'പുതിയ പവർ പ്ലേ നിയമം' അനുസരിച്ച് ഫീൽഡിങ് നിയന്ത്രണം ഇനി ഓവറുകളെ അടിസ്ഥാനമാക്കിയാകില്ല. അതായത് എത്ര ഓവർ മാച്ചാണ് നടത്താനാവുക എന്നത് പരിഗണിച്ച്.. പവർ പ്ലേ ഓവറുകൾ ലഘൂകരിക്കുമെന്ന് ചുരുക്കം.

മഴമൂലം ഒരു ഇന്നിങ്സ് എട്ട് ഓവറായി ചുരുക്കിയ മാച്ചിൽ.. 30 യാർഡ് സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാർ മാത്രമുള്ള പവർ പ്ലേ എന്ന് പറയുന്നത്... 2.2 ഓവർ അഥവാ 14 പന്തുകൾ മാത്രമായിരിക്കും. സമാനമായി അഞ്ച് ഓവർ ഇന്നിങ്സുള്ള ഒരു മാച്ചിൽ 1.3 ഓവറുകൾ അഥവാ 9 പന്തുകൾ മാത്രമായിരിക്കും ഇത്തരത്തിൽ പവർപ്ലേ ഫീൽഡിങ് നിയന്ത്രണം ഉണ്ടായിരിക്കുക.

ഇനി ആറോവർ വീതമുള്ള ടി20 മാച്ചിൽ 1.5 ഓവറിൽ മാത്രമായിരിക്കും, 30 യാർഡ് സർക്കിളിന് പുറത്തെ ഫീൽഡിങ് നിയന്ത്രണം കാണുക. ഇത് ഏഴോവറിലേക്ക് വരുമ്പോൾ 2.1 ഓവറും, എട്ട് ഓവർ ഇന്നിങ്സിന് 2.2 ഓവറും, ഒമ്പത് ഓവർ ഇന്നിങ്സിന് 2.4 ഓവർ പവർ പ്ലേയും ഉണ്ടായിരിക്കുമെന്ന് ഐസിസി വെബ്‌സൈറ്റ് പറയുന്നു.

വെട്ടിച്ചുരുക്കിയ മത്സരം പത്തോവറിലേക്ക് വരുമ്പോൾ ഇത്തരത്തിലുള്ള നിയന്ത്രണം മൂന്നോവറായും, 11 ഓവർ മാച്ചിൽ 3.2 ഓവറായും, 12 ഓവറുകൾ വീതമുള്ള മാച്ചിലേത് 3.4 ഓവറാണെന്നും ഐസിസി വ്യക്തമാക്കുന്നു. അതുപോലെ 13 ഓവർ ഇന്നിങ്സിൽ 3.5 ഓവർ പവർ പ്ലേയും, 14 ഓവർ ഇന്നിങ്സിൽ 4.1 ഓവർ പവർ പ്ലേയും, 15 ഓവർ ഇന്നിങ്സിൽ 4.3 ഓവർ പവർ പ്ലേയും, 16 ഓവർ ഇന്നിങ്സിൽ 4.5 ഓവർ പവർ പ്ലേയുമാണ് ഉണ്ടാവുകയെന്ന് ഐസിസി പറയുന്നു.

എന്താണ് 'സ്റ്റോപ്പ് ക്ലോക്ക് റൂൾ'

ടെസ്റ്റ് ക്രിക്കറ്റിൽ മത്സരഗതി നിർണയിക്കുന്നതിൽ പ്രധാനമാണ് ബൗൾ ചെയ്യുന്ന ടീമുകൾ സമയബന്ധിതമായി ഓവറുകൾ എറിഞ്ഞുതീർക്കുക എന്നത്. അതായത് ഈ ഫോർമാറ്റിൽ ബൗളിങ് ടീമിൻ്റെ മെല്ലെപ്പോക്കിനെ കൃത്യമായി നിയന്ത്രിക്കാൻ ഐസിസി ഇതുവരെയും പ്രത്യേകിച്ച് നിയമങ്ങളൊന്നും പ്രയോഗിച്ചിരുന്നില്ല. എന്നാൽ പുതിയ നിയമപരിഷ്ക്കരണം വന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ബൗളിങ് ടീമിന് ഇനി അലസത വെടിയേണ്ടി വരും.

ജൂലൈ മുതൽ ടെസ്റ്റ് മാച്ചിലെ ഓരോ ഓവർ കഴിയുമ്പോഴും, ഒരു ഇലക്ട്രോണിക് സ്റ്റോപ്പ് വാച്ച് ഗ്രൗണ്ടിൽ 0 മുതൽ 60 സെക്കൻഡ് വരെ അങ്ങനെ ഓടിക്കൊണ്ടിരിക്കും. ഇനി മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ ഒരു മിനിറ്റിനകം അടുത്ത ബൗളർ പന്തെറിയാൻ റെഡിയായിരിക്കണം. അല്ലാത്ത പക്ഷം അമ്പയർ ഫീൽഡിങ് ടീമിന് ആദ്യ മുന്നറിയിപ്പ് നൽകും. ഇത്തരത്തിൽ രണ്ട് വാണിങ് നൽകിയാലും പ്രത്യക്ഷത്തിൽ അത് ബൗളിങ് ടീമിനെ കാര്യമായി ബാധിക്കില്ല. എന്നാൽ തുടർച്ചയായി മൂന്നാമതും ഫീൽഡിങ് ടീം സ്റ്റോപ്പ് ക്ലോക്കിനെ അവഗണിച്ചാൽ, അമ്പയർ ഇടപെട്ട് 'അഞ്ച് പെനാൽറ്റി റൺസ്' ബാറ്റിങ് ടീമിന് നൽകും.

ഇനി ആദ്യ വാണിങ് ലഭിച്ച് 80 ഓവറിന് ശേഷമാണ് മൂന്നാമത്തെ വാണിങ് ലഭിക്കുന്നതെങ്കിൽ അത് കണക്കിൽ പെടുത്തില്ല. അതായത് ഓരോ 80 ഓവറുകൾക്ക് ശേഷവും ആദ്യം ലഭിച്ച വാണിങ്ങുകൾ അസാധുവാകും. ഈ 80 ഓവറിനുള്ളിൽ മൂന്ന് വാണിങ് കിട്ടിയാൽ മാത്രമേ ശിക്ഷയായി അഞ്ച് പെനാൽറ്റി റൺസ് എതിർ ടീമിന് ലഭിക്കൂ.

ക്രിക്കറ്റ് പന്തിൽ തുപ്പൽ തേക്കാമോ?

കോവിഡിന് ശേഷമാണ് ഫീൽഡിങ് ടീമിന് തുപ്പൽ തേച്ച് ക്രിക്കറ്റ് ബോൾ മിനുക്കിയെടുക്കുന്നതിന് നിയന്ത്രണം വന്നത്. നിലവിൽ പുതിയ പരിഷ്ക്കരണം വന്നപ്പോഴും ഈ വിലക്കിന് മാറ്റമില്ല. അതേസമയം, ഏതെങ്കിലും വിധത്തിൽ അമ്പയർ കാണാതെ പന്തിൽ തുപ്പലിൻ്റെ അംശം വന്നതായി കണ്ടെത്തുന്ന സാഹചര്യത്തിലും അമ്പയർ പുതിയ ബോൾ കൊണ്ടുവരേണ്ടെന്നാണ് ഐസിസി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചില ടീമുകൾ മനപ്പൂർവം പന്തിൽ തുപ്പൽ തേക്കാൻ സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിയമത്തിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത്. പന്തിൽ നനവോ അമിതമായ തിളക്കമോ കാണുന്ന സാഹചര്യത്തിൽ പന്ത് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഫീൽഡ് അമ്പയറുടെ വിവേചനാധികാരമാണ്. പന്തിൽ തുപ്പലിൻ്റെ അംശം അമ്പയർ കണ്ടെത്തിയാൽ അഞ്ച് പെനാൽറ്റി റൺസ് ബാറ്റിങ് ടീമിന് അധികമായി ലഭിക്കും.

എന്താണ് 'ഷോർട്ട് റൺ റൂൾ'

ക്രീസിലുള്ള ബാറ്റർമാർ അധിക റൺസ് ഓടിയെടുക്കാനുള്ള വെപ്രാളത്തിനിടയിൽ 22 യാർഡുള്ള ക്രിക്കറ്റ് പിച്ചിൽ മുഴുവനായി ഓടിത്തീർക്കുന്നില്ലെങ്കിൽ, അമ്പയർമാർ അത് കണ്ടെത്തുന്ന പക്ഷം ബാറ്റിങ് ടീമിൻ്റെ സ്കോർ ബോർഡിൽ നിന്നും അഞ്ച് റൺസ് നഷ്ടമാകും. ഏത് ബാറ്ററാണ് ഇനി അടുത്ത പന്തിൽ സ്ട്രൈക്കിൽ വരേണ്ടതെന്ന് ഫീൽഡിങ് ടീമിന് തീരുമാനിക്കാം. അതേസമയം, ഇനി ക്രീസിലുള്ള ബാറ്റർമാർക്ക് തെറ്റ് സ്വയം ബോധ്യപ്പെട്ട് അമ്പയറെ അറിയിച്ചാൽ ആ റൺസ് വേണ്ടെന്ന് വെക്കാനും സാധിക്കും.

പരിക്കേറ്റാൽ 'ഫുൾ ടൈം പ്ലേയിങ് റീപ്ലേസ്മെൻ്റ്'

ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ് പുറത്താകുന്ന കളിക്കാർക്ക് പകരക്കാരായി മറ്റു താരങ്ങളെ ആ മാച്ച് മുഴുവനായി കളിപ്പിക്കാൻ അനുവദിക്കണമെന്ന് ഐസിസി ശുപാർശ ചെയ്തിട്ടുണ്ട്. നേരത്തെയുള്ള കൺകഷൻ സബ്സ്റ്റിറ്റ‌്യൂട്ടുകളെ പോലെ ആ താരത്തിന് സമാനമായ രീതിയിൽ കളിക്കുന്ന താരം തന്നെയാകണം ഈ പകരക്കാരൻ. പരിക്കേറ്റ താരത്തിന് മത്സര ക്ഷമതയില്ലെന്ന് മാച്ച് ഒഫീഷ്യലുകളെ കൃത്യമായി ബോധ്യപ്പെടുത്താൻ ടീമിന് കഴിയണം. പേശീവലിവ് പോലുള്ള താരതമ്യേന ചെറിയ പരിക്കുകളൊന്നും ഇക്കൂട്ടത്തിൽ പരിഗണിക്കപ്പെടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com