

ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാക് ടീമിനെ വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. മത്സരത്തില്‍ ഒരിടത്തും പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ലെന്ന് ഷുഹൈബ് അക്തര്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം എത്തിയത് കിരീടം ലക്ഷ്യമിട്ടാണ്. പക്ഷെ, മത്സരത്തില്‍ ഒരിടത്തും പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. 125 കി.മീ. വേഗതയിലാണ് ഷഹീന്‍ പന്തെറിഞ്ഞത്. ആധുനിക ക്രിക്കറ്റിന് വേണ്ടത് ഇതല്ല. സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പ്രതിഭകളല്ല അവര്‍.
കഴിഞ്ഞ 15-20 വര്‍ഷമായി പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു നിക്ഷേപവും നടന്നിട്ടില്ല. ഒരുകാലത്ത് മൈതാനത്ത് ഇന്ത്യയോട് പോരാടിയിരുന്നവരാണ്. ഇപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് സ്വപ്‌നം കാണാന്‍ പോലും പാക് ടീമിന് കഴിയില്ല എന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. എബിപി ന്യൂസിനോടായിരുന്നു അക്തറിന്റെ പ്രതികരണം.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്‌വിയേയും രൂക്ഷമായ ഭാഷയിലാണ് അക്തര്‍ വിമര്‍ശിച്ചത്. ഒന്നും അറിയാത്ത ഒരാളാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കുന്നത്. നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ടീം എങ്ങനെ മുന്നോട്ട് പോകും? ഒരു മത്സരം പോലും ജയിപ്പിക്കാന്‍ കഴിയാത്ത ഒരു കളിക്കാരനെ (ബാബര്‍ അസം) സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റി. കഴിവില്ലാത്ത ആളുകളെ ജോലി ഏല്‍പ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം.
വിവരമില്ലാത്തവനും അയോഗ്യനും എന്നാണ് നഖ്‌വിയെ അക്തര്‍ വിശേഷിപ്പിച്ചത്. പിസിബി ചെയര്‍മാനായിരിക്കാന്‍ യാതൊരു യോഗ്യതയും അദ്ദേഹത്തിന് ഇല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ഇന്ത്യയോട് പൊരുതാന്‍ പോലും നില്‍ക്കാതെയായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനാകാതെ 18 ഓവറില്‍ തന്നെ പാകിസ്ഥാന്‍ ഓള്‍ ഔട്ടായി. ഇതോടെ ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിലെ ജയം 8-1 എന്ന നിലയിലാണ്.