
ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്‌മാന്‍ ഗില്ലിന്റെ അരങ്ങേറ്റം, രണ്ട് ഇന്നിങ്സുകളിലുമായി അഞ്ച് സെഞ്ചുറികള്‍... ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ വിജയത്തുടക്കം തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ലീഡ്സില്‍ ഒപ്പത്തിനൊപ്പം നിന്ന ഇംഗ്ലണ്ട് കീഴടങ്ങാന്‍ കൂട്ടാക്കാതെ ആദ്യ ടെസ്റ്റ് മത്സരം അഞ്ച് വിക്കറ്റിന് സ്വന്തമാക്കി. മികച്ച റണ്‍സും, ബൗളിങ്ങുമൊക്കെ പിറന്നെങ്കിലും ഫീല്‍ഡിങ്ങിലെ താളമില്ലായ്മയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നിര്‍ണായക ക്യാച്ചുകള്‍ ഉള്‍പ്പെടെ ഇന്ത്യ കൈവിട്ടപ്പോള്‍, ആത്മവിശ്വാസം കൈമുതലാക്കി ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. ഇതോടെ, അഞ്ച് മത്സരടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്കോര്‍- ഇന്ത്യ: 471, 364. ഇംഗ്ലണ്ട്: 465, അഞ്ചിന് 373.
രണ്ടാം ഇന്നിങ്സ് പൂര്‍ത്തിയാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനായി കുറിച്ചത് 371 റണ്‍സിന്റെ വിജയലക്ഷ്യം. പോരാടാനുറച്ച് സാക് ക്രോളിയും ബെന്‍ ഡക്കറ്റും ബാറ്റെടുത്തു. ഇരുവരും ചേര്‍ന്ന് 188 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അര്‍ധ സെഞ്ചുറി തികച്ച ക്രോളിയാണ് ആദ്യം വീണത്. 65 റണ്‍സില്‍ പ്രസിദ്ധിന്റെ പന്തില്‍ രാഹുലിന് ക്യാച്ച് കൊടുത്തായിരുന്നു മടക്കം. മറുവശത്ത് ഡക്കറ്റ് നിലയുറപ്പിച്ചിരുന്നു. സെഞ്ചുറിക്ക് മൂന്ന് റണ്‍സുള്ളപ്പോള്‍ സിറാജിന്റെ പന്തില്‍ ഡക്കറ്റ് നല്‍കിയ ക്യാച്ച് യശ്വസി ജയ്‌സ്വാള്‍ വിട്ടുകളയുകയും ചെയ്തു.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഒലി പോപ്പിന് ഇക്കുറി താളം കണ്ടെത്താനായില്ല. എട്ട് റണ്‍സെടുത്ത് പ്രസിദ്ധിന് മുന്നില്‍ പോപ്പ് കീഴടങ്ങി. ഡക്കറ്റിനൊപ്പം ജോ റൂട്ട് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി. സെഞ്ചുറി പിന്നിട്ട ഡക്കറ്റ് 170 പന്തില്‍ 149 റണ്‍സെടുത്താണ് മടങ്ങിയത്. ശാര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ സബ്‌സ്റ്റിറ്റ്യൂട്ടായ നിതീഷ് റെഡ്ഡി ക്യാച്ചെടുക്കുകയായിരുന്നു. ഡക്കറ്റ് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ മൂന്നിന് 253 റണ്‍സ് എന്ന നിലയിലായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹാരി ബ്രൂക്കിനെ താക്കൂര്‍ പന്തിന്റെ കൈയിലെത്തിച്ചു. ആദ്യ ഇന്നിങ്സില്‍ ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ ബ്രൂക്കിന് ഇത്തവണ ഇന്നിങ്സ് തുറക്കാന്‍ പോലുമായില്ല.
കളിയിലേക്ക് തിരിച്ചെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ റൂട്ട് ഒരറ്റത്ത് തല്ലിക്കെടുത്തിക്കൊണ്ടിരുന്നു. റൂട്ടിന് ബെന്‍ സ്റ്റോക്സ് മികച്ച പിന്തുണയൊരുക്കി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സെടുത്തു. 51 പന്തില്‍ 33 റണ്‍സെടുത്ത് സ്റ്റോക്സ് മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഗില്ലിനായിരുന്നു ക്യാച്ച്. അടുത്ത ഊഴം ജാമി സ്മിത്തിനായിരുന്നു. റൂട്ടിന്റെ താളത്തിനൊപ്പം ചേര്‍ന്ന് സ്മിത്തും ബാറ്റ് വീശിയതോടെ, അധിക വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലണ്ട് വിജയതീരമണഞ്ഞു. റൂട്ട് 53 റണ്‍സുമായും, സ്മിത്ത് 44 റണ്‍സുമായും പുറത്താകാതെ നിന്നു.