

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ഫൈനലില്‍ ഇറങ്ങുകയാണ്. ലോകകപ്പില്‍ നല്ല ഓര്‍മ്മകള്‍ അല്ലെങ്കിലും ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. സ്റ്റേഡിയത്തിലെ ചില കണക്കുകള്‍. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ന്യുസീലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരാശങ്ക ഇപ്പോഴും ബാക്കിയാണ്.
അതിന്റെ കാരണം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യയുടെ നീറുന്ന ഓര്‍മ്മകള്‍ തന്നെയാണ്. ഐസിസിയുടെ വൈറ്റ് ടൂര്‍ണമെന്റുകളില്‍ അവസാനത്തെ 32 മത്സരങ്ങളില്‍ ഇന്ത്യ ആകെ രണ്ട് തോല്‍വി മാത്രമാണ് വഴങ്ങിയത്. അത് രണ്ടും അഹമ്മദാബാദിലാണ്. 2023 ഏകദിന ലോകകപ്പിലെ തോല്‍വിക്കു ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പ് മത്സരം തോല്‍ക്കുന്നത് ഈ വര്‍ഷം ഇതേ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍ എട്ടിലാണ്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അന്താഷ്ട്ര ടി ട്വന്റി മത്സങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുവരെ ആദ്യം ബാറ്റ് ചെയ്യുന്നവരാണ് കൂടുതല്‍ മത്സരവും ജയിച്ചത്. ആകെ നടന്ന 17 മത്സരത്തില്‍ 11 തവണയും ആദ്യം ബാറ്റ് ചെയ്തവര്‍ ജയിച്ചപ്പോള്‍ 6 മത്സരത്തില്‍ ജയം രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കൊപ്പമായിരുന്നു. ഇനി ഇത്തവണത്തെ ലോകകപ്പ് കണക്കുകള്‍ നോക്കിയാല്‍ ഇതുവരെ നടന്ന ആറു മത്സരങ്ങളില്‍ നാലിലും ആദ്യം ബാറ്റ് ചെയ്തവരാണ് വിജയിച്ചത്. അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം ടൈ ആയി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതും ഇവിടെ വെച്ചാണ്. ഇത്തവണ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ കൂടുതലും പകല്‍ മത്സരങ്ങളാണ് എന്നതും ശ്രദ്ധേയാണ്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ഇതുവരെ 10 ടി ട്വന്റി മത്സരങ്ങളാണ് കളിച്ചത്. അതില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ഇന്ത്യയുടെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണയും ദക്ഷിണാഫ്രിക്കക്കെതിരെ ഒരുതവണയും ഇന്ത്യ ഇവിടെ തോറ്റിട്ടുണ്ട്. ന്യുസീലന്‍ഡ് ആവട്ടെ ഇവിടെ ഇറങ്ങിയ രണ്ട് മത്സരത്തിലും തോല്‍വിയറിഞ്ഞു. 2023 ല്‍ ഇന്ത്യയോട് 168 റണ്‍സിന്റെ തോല്‍വിയും ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയും.
174 റണ്‍സാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്‌സ് ആവറേജ് സ്‌കോര്‍, രണ്ടാമത് ബാറ്റ് ചെയ്ത ടീമിന്റെ ആവറേജ് സ്‌കോര്‍ 150ഉം. 2023 ല്‍ ന്യുസീലന്‍ഡിനെതിരെ ഇന്ത്യ നേടിയ 234 റണ്‍സാണ് അഹമ്മദാബാദിലെ ഉയര്‍ന്ന സ്‌കോര്‍. അതേ മത്സരത്തില്‍ 66 റണ്‍സിന് പുറത്തായ ന്യുസീലന്‍ഡിന്റാണ് ഇവിടെ കുറഞ്ഞ റണ്‍സിന് പുറത്തായ ടീം. ഇന്ത്യ മൂന്ന് തവണയാണ് ഇവിടെ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.. മഞ്ഞിന്റെ സാന്നിധ്യം ഫൈനലിനെ ബാധിക്കില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അങ്ങനെയെങ്കില്‍ ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. 2023ലെ നീറുന്ന ഓര്‍മ്മകള്‍ക്ക് ടി ട്വന്റി ലോക കിരീടം കൊണ്ട് പ്രായശ്ചിത്തം ചെയ്യാനാണ് ഇന്ത്യ ഇറങ്ങുന്നത്.