

ഹാരാരെ: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ നൂറ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യന്‍ കൗമാരപ്പടയുടെ ആറാം കിരീട നേട്ടമാണിത്. 412 എന്ന ബഹുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യയുടെ യുവ താരങ്ങള്‍ ഇംഗ്ലണ്ടിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311 റണ്‍സ് വരെ പിടിച്ചു നിന്ന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശിയാണ് വിജയ ശില്‍പി. വെറും 80 പന്തില്‍ 175 റണ്‍സാണ് പതിനാലുകാരന്‍ അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇതാണെന്ന് സൂര്യവംശിയും സംഘവും ലോകത്തോട് വിളിച്ചു പറഞ്ഞ മനോഹര കാഴ്ച.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റണ്‍സ് നേടിയത്. 40.2 ഓവറില്‍ 311 റണ്‍സ് നേടി ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. വൈഭവിന്റെ റെക്കോര്‍ഡ് സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. സെമിയില്‍ തിളങ്ങിയ മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫൈനലില്‍ തിളങ്ങാനായില്ല. ഒമ്പത് റണ്‍സെടുത്തായിരുന്നു ആരോണിന്റെ മടക്കം.
ആരോണിന്റെ വിക്കറ്റോടെ ഇന്ത്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് എത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും വൈഭവും ചേര്‍ന്ന് എട്ട് ഓവറില്‍ 53 റണ്‍സ് എന്ന നിലയില്‍ ടീമിനെ എത്തിച്ചു. 14ാം ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ നൂറ് കടന്നു.
പിന്നീട് കണ്ടത് വൈഭവിന്റെ വിളയാട്ടമായിരുന്നു. സിക്‌സുകളും ഫോറുകളുമായി വൈഭവ് കത്തിക്കയറി. ഇതിനിടയില്‍ 51 പന്തില്‍ 53 റണ്‍സെടുത്ത് ആയുഷ് പുറത്തായി. പിന്നാലെ വൈഭവ് സെഞ്ച്വറി തികച്ചു. 15 ഫോറും സിക്‌സുകളുമാണ് ഫൈനലില്‍ മാത്രം വൈഭവ് അടിച്ചെടുത്തത്. വൈഭവ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സായിരുന്നു.
നാലാം വിക്കറ്റില്‍ ഒന്നിച്ച വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയുമാണ് സ്‌കോര്‍ മുന്നൂറ് കടത്തിയത്. 32 റണ്‍സ് നേടി വേദാന്തും 30 റണ്‍സെടുത്ത് വിഹാനും പുറത്തായി. പിന്നാലെ എത്തിയ അഭിഗ്യാന്‍ 40 റണ്‍സും ആര്‍എസ് ആംബ്രീഷ് 18 റണ്‍സും നേടി. കനിഷ്‌ക് ചൗഹാന്‍ 20 പന്തില്‍ 37 റണ്‍സ് നേടി. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ 411. അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇന്ത്യ കാഴ്ചവെച്ചതെന്ന് നിസ്സംശയം പറയാം. ഇന്ത്യക്കു വേണ്ടി അംബ്രിഷ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നല്ല രീതിയില്‍ തന്നെ തുടങ്ങി. ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് 56 പന്തില്‍ 66 റണ്‍സ് നേടി. ആയുഷ് മാത്രെയാണ് ബെന്നിനെ പുറത്താക്കിയത്. പിന്നീടെത്തിയ കാലിബ് ഫാല്‍ക്കണറും നന്നായി കളിച്ചു. ഏഴ് സിക്‌സും ഒമ്പത് ഫോറും അടക്കം 67 പന്തില്‍ 115 റണ്‍സാണ് കാലിബ് നേടിയത്.