ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സമനില. ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ സെഞ്ച്വറിയാണ് ഇന്നിങ്‌സ് തോൽവി പ്രതീക്ഷിച്ചിരുന്ന ഇന്ത്യക്ക് കരുത്തായത്. കെ എൽ രാഹുൽ 90 റൺസിന് പുറത്തായി. 311 ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ച ഇന്ത്യ നാല് വിക്കറ്റിന് 425 റൺസെന്ന നിലയിൽ ബാറ്റിങ് തുടരവെ മത്സരം സമനിലയാവുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. എങ്കിലും പ്രതീക്ഷ കൈവിടാതെ വീരോചിതമായ ചെറുത്തുനിൽപ്പോടെ ഇന്ത്യ പോരാടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 669 റൺസിന്റെ കൂറ്റൻ മറുപടി നൽകിയിരുന്നു.
മത്സരത്തിൽ പുലർത്തിയ ആധിപത്യം വിജയത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 2–1ന്റെ ലീഡ് നിലനിർത്തി. നിർണായകമായ അവസാന ടെസ്റ്റ് ജൂലൈ 31 മുതൽ ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കും.