

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യയുടെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. 58 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി. ഖിലന്‍ പട്ടേലും ക്യാപ്റ്റന്‍ ആയുഷ് മാത്രെയുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. 21 റണ്‍സിന് മൂന്ന് വിക്കറ്റാണ് ആയുഷ് നേടിയത്. 35 റണ്‍സ് വഴങ്ങി ഖിലന്‍ പട്ടേല്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒരു സിക്‌സും അഞ്ച് ഫോറും അടക്കം 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടി എട്ടാം ഓവറില്‍ വൈഭവ് പുറത്തായി. പിന്നാലെ എത്തിയ ആയുഷ് മാത്രെ റണ്‍സെടുക്കാതെ പുറത്തായപ്പോള്‍ ഇന്ത്യന്‍ നിര ഒന്ന് പതറി. ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് (16) ഉം പുറത്തായി.
നാലാം വിക്കറ്റില്‍ ഒന്നിച്ച വേദാന്ത് ത്രിവേദി-വിഹാന്‍ മല്‍ഹോത്ര സഖ്യമാണ് ഇന്ത്യയുടെ നില മെച്ചപ്പെടുത്തിയത്. 93 പന്തില്‍ 62 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 24ാം ഓവറില്‍ വിഹാന്‍ പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.
41-ാം ഓവറില്‍ വേദാന്ത് ത്രിവേദിയും മടങ്ങിയതോടെ ഇന്ത്യ ആറിന് 182 റണ്‍സെന്ന നിലയിലായി. ആംബ്രിഷ് (29), കനിഷ്‌ക് ചൗഹാന്‍ (35), ഖിലന്‍ പട്ടേല്‍ (21) എന്നിവരാണ് സ്‌കോര്‍ 250 കടത്തിയത്.
പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ ഹംസ സഹൂര്‍ 49 പന്തില്‍ 42 റണ്‍സ് നേടി. ഉസ്മാന്‍ ഖാന്‍ (92 പന്തില്‍ 66), ഫര്‍ഹാന്‍ യൂസുഫ് ( 39 പന്തില്‍ 38) റണ്‍സ് നേടി. അബ്ദുള്‍ സുബാന്‍ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.