ഇൻഡോർ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നേടി ന്യൂസിലൻഡ്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ 41 റൺസിനാണ് കീവീസ് ഇന്ത്യയെ തോൽപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ മികച്ച സ്കോറുയർത്തിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്.
ഇന്ത്യക്ക് മുന്നിൽ 338 റൺസിൻ്റെ വിജയലക്ഷ്യമാണ് കീവീസ് ഉയർത്തിയത്. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46 ഓവറില്‍ 296ന് ഓൾ ഔട്ടായി. 108 പന്തില്‍ 124 റണ്‍സ് നേടിയ വിരാട് കോലിയുടെ പോരാട്ടം പാഴായത് ടീമിന് ഏറെ നിരാശയായി. കോലിക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി (53), ഹര്‍ഷിത് റാണ (52) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
നാലാം ഓവറില്‍ ഇന്ത്യക്ക് രോഹിത് ശര്‍മയുെട (11) വിക്കറ്റ് നഷ്ടമായി. ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ, പിന്നീട് ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് (0), കുല്‍ദീപ് യാദവ് എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോഹ്‌ലിക്കൊപ്പം നിന്ന് 88 റണ്‍സ് കൂട്ടിചേര്‍ത്ത നിതീഷാണ് ഇന്ത്യൻ നിരയിൽ പ്രതീക്ഷ നൽകിയത്. 28-ാം ഓവറില്‍ നിതീഷും പുറത്തായി. അവസാന നിമിഷം അർഷ്‌ദീപ് സിങ്ങ് മാത്രമാണ് ക്രിസീലുണ്ടായിരുന്നത്. ഇന്ത്യൻ ബൗളർമാരിൽ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും മൂന്ന് വീതം വിക്കറ്റെടുത്തു.