
ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജൻ്റ്സിൻ്റെ രണ്ടാം സീസണിന് ഇംഗ്ലണ്ടില്‍ തുടക്കമായിരിക്കുകയാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ എല്‍ ക്ലാസിക്കോ പോരിന് വേണ്ടിയാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിന് ശേഷം ഇരു ടീമുകളും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്.
കഴിഞ്ഞ സീസണിൽ യൂനിസ് ഖാൻ്റെ പാക് ടീമിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. ഇത്തവണയും യുവിക്ക് കീഴിലാണ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുക.
ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളാണ് അണിനിരക്കുന്നത്. ഇന്ത്യയെക്കൂടാതെ ചിരവൈരികളായ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് ടൂര്‍ണമെൻ്റിലെ ടീമുകള്‍. ഉദ്ഘാടന മല്‍സരത്തില്‍ വിജയം പാകിസ്ഥാനാണ്. ഇയാൻ മോര്‍ഗൻ്റെ ഇംഗ്ലീഷ് പടയെ ത്രില്ലറില്‍ മുഹമ്മദ് ഹഫീസിന്റെ പാക് വെറ്ററൻമാർ അഞ്ച് റണ്‍സിന് വീഴ്ത്തുകയായിരുന്നു.
ഇത്തവണ ഉത്തപ്പയ്ക്കു കൂട്ടായി ശിഖർ ധവാന്‍ എത്തിയതോടെ ഇന്ത്യയുടെ ഓപ്പണിങ് കൂടുതല്‍ ശക്തമായിട്ടുണ്ട്. ധവാൻ്റെ വരവോടെ റായ്‌ഡുവിന് ഈ സീസണില്‍ മധ്യനിരയിലേക്കു മാറേണ്ടി വരും. ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുക ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയായിരിക്കും. നാലാമനായി റായ്‌ഡു കളിച്ചേക്കും.
കഴിഞ്ഞ ഫൈനലില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ഹീറോയായിരുന്നു അമ്പാട്ടി റായ്‌ഡു. അന്ന് 157 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ ചേസ് ചെയ്തപ്പോള്‍ ടോപ് സ്കോറര്‍ റായ്‌ഡുവായിരുന്നു. 30 ബോളില്‍ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 50 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്.
അഞ്ചാം നമ്പറില്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് ആയിരിക്കും ബാറ്റ് വീശുക. ആറ്, ഏഴ് സ്ഥാനങ്ങളില്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ പത്താന്‍ ബ്രദേഴ്‌സായിരിക്കും. എട്ടാമനായി ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നി കളിക്കും. ഹര്‍ഭജന്‍ സിങായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക വിനയ് കുമാർ, സിദ്ധാര്‍ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരാകും.