രാജ്കോട്ട്: രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിൽ ഭേദപ്പെട്ട സ്കോറുമായി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം ഉയർത്തിയാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. രോഹിതും കോലിയും ഉൾപ്പെടെ മുൻനിരക്കാർ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ കെ. എല്‍. രാഹുലിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തി.
87 പന്തിൽ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്സും ഉൾപ്പെടെ 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു. ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങിപ്പോയി. ഗില്ലിന് ശേഷമെത്തിയ ശ്രേയസ് അയ്യരും നിരാശയാണ് നൽകിയത്. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും വൈകാതെ തന്നെ ജഡേജയും പുറത്തായി.
പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയുമെല്ലാം വേഗം തന്നെ മടങ്ങി. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചാണ് രാഹുൽ ആശ്വാസം കണ്ടെത്തിയത്. ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.